ബര്‍മിംഗ്‌ഹാം:
ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ച് രാജകീയമായി ഇന്ത്യന്‍ ടീം ലോകകപ്പ് സെമിയിലെത്തി. ബര്‍മിംഗ്‌ഹാമില്‍ ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ഔട്ടാവുകയായിരുന്നു.ടൂർണമെന്റിൽ നാലാം സെഞ്ചുറി കുറിച്ച രോഹിത് ശർമയാണ് മാൻ ഓഫ് ദ് മാച്ച്.
എട്ടു മത്സരങ്ങളിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് മാത്രം തോറ്റ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. ലീഗിൽ ശ്രീലങ്കയുമായി ഒരു മത്സരം ശേഷിക്കുന്നുണ്ട്. തോൽവിയോടെ ബംഗ്ലദേശിന്റെ സെമി സാധ്യതകൾ അവസാനിച്ചു.
സെഞ്ചുറി നേടിയ ‘ഹിറ്റ്മാന്‍’ രോഹിത് ശർമ്മ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും, മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഷാക്കിബ് അല്‍ ഹസനും മുഹമ്മദ് സെെഫുദ്ദീനും ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി. മുസ്താഫിസുര്‍ അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി അതിഗംഭീര തുടക്കമാണ് രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ സഖ്യം നല്‍കിയത്. തുടക്കത്തിൽ തന്നെ ഒരു ക്യാച്ചിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് രോഹിത് ശർമ്മ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. 90 പന്തുകളിൽ നിന്നായിരുന്നു ഹിറ്റ് മാൻ സെഞ്ച്വറി തികച്ചത്. 7 ഫോറും 5 പടുകൂറ്റൻ സിക്സറുകളുമാണ് രോഹിത്തിന്റെ ഈ ലോകകപ്പിലെ നാലാം സെഞ്ച്വറിക്കു ചന്തം ചാർത്തിയത്. രോഹിത് മടങ്ങി അധികം വെെകാതെ രാഹുലിനെ റൂബല്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന്‍റെ കെെകളില്‍ എത്തിച്ചു. 92 പന്തില്‍ 77 റണ്‍സാണ് രാഹുല്‍ നേടിയത്. കോഹ്ലി പതിവ് ഫോമിൽ ആയിരുന്നില്ല. 26 റൺസെടുത്ത കോഹ്‌ലിയും റണ്ണൊന്നുമെടുക്കാതെ പാണ്ട്യയും പുറത്തായപ്പോൾ ബംഗ്ലാദേശ് കളിയിലേക്ക് തിരിച്ചു വന്നു. പിന്നെ അല്പമെങ്കിലും നല്ല പ്രകടനം കാഴ്ചവെച്ചത് 48 റൺസെടുത്ത ഋഷഭ് പന്തിന്റെ പ്രകടനമാണ്.
പുതിയതായി ടീമിലേക്കു വന്ന ദിനേശ് കാർത്തിക്ക് പരാജയമായിരുന്നു. അവസാന ഓവറുകളിൽ ധോണിക്കും റൺ റേറ്റ് വർദ്ധിപ്പിക്കാൻ സാധിച്ചില്ല. അതായത് സെമിയിൽ എത്തിയെങ്കിലും ഇന്ത്യൻ മധ്യനിരയുടെ ദൗർബല്യങ്ങൾ എടുത്തു കാണിക്കുന്നതായിരുന്നു ഈ മത്സരവും.
അവസാന ഓവറുകളിൽ മുസ്തഫിസുർ റെഹ്മാൻ ആണ് ഇന്ത്യയെ വരിഞ്ഞ് മുറുക്കിയത്. തുടരെ വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുർ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഷാക്കിബും റൂബൽ ഹുസൈനും സൗമ്യ സർക്കാറും ഓരോവിക്കറ്റ് വീതം വീഴ്ത്തി. അവസാന 10 ഓവറിൽ 63 റൺസ് മാത്രമാണ് ഇന്ത്യ സ്കോർ ചെയ്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്താൻ കഴിഞ്ഞതായിരുന്നു ഇന്ത്യൻ വിജയത്തിന് പ്രധാന കാരണം. ഇന്ത്യ മുന്നോട്ട് വച്ച 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍ ആദ്യ ഓവറുകളില്‍ അധികം റണ്‍സ് കണ്ടെത്താനാകാതെ വിഷമിച്ച ബംഗ്ലാദേശിന് തമീം ഇക്ബാലിന്‍റെ വിക്കറ്റ് നഷ്ടമായതാണ് ആദ്യ ആഘാതമായത്.
പിന്നീടെത്തിയ മുഷ്ഫിഖുര്‍ റഹീമിനും ലിറ്റണ്‍ ദാസിനും നല്ല തുടക്കം ലഭിച്ചെങ്കിലും അതും മുതലാക്കാനായില്ല. മുഷ്ഫിഖുറിനെ ചഹാലും ലിറ്റണ്‍ ദാസിനെ ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തി. മൊസദെക് ഹുസെെനെ ബുമ്ര ബൗള്‍ഡും ചെയ്തതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ബംഗ്ലദേശ് ബാറ്റിങ് നിരയിൽ ഷാക്കിബ് അൽ ഹസൻ (66) മാത്രമാണ് ചങ്കുറപ്പോടെ പൊരുതിയത്. എന്നാൽ ഷാക്കിബിനെ ദിനേശ് കാര്‍ത്തിക്കിന്‍റെ കെെകളില്‍ എത്തിച്ച് ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ വിജയം എളുപ്പമാക്കി. പിന്നീടെത്തിയ സാബിര്‍ റഹ്മാനും മുഹമ്മദ് സെെഫുദ്ദിനും ചേര്‍ന്നുള്ള കടന്നാക്രമണത്തില്‍ ഇന്ത്യ അല്‍പം പകച്ചെങ്കിലും ബുമ്രയുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 36 പന്തില്‍ 36 റണ്‍സെടുത്ത സാബിറിന്‍റെ വിക്കറ്റ് ബുമ്ര വീഴ്ത്തി. സെെഫുദ്ദിനെ മറുവശത്ത് നിര്‍ത്തി ബുമ്ര ബംഗ്ല വാലറ്റത്തിന്‍റെ കഥകഴിച്ചു. 38 പന്തില്‍ 51 റണ്‍സുമായി സെെഫുദ്ദിന്‍ പുറത്താകാതെ നിന്നു.