തിരുവനന്തപുരം:
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കള്ളവോട്ട് താൻ സ്വയം കണ്ടെത്തിയതല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. വസ്തുതപരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്. കണ്ണൂർ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കള്ളവോട്ട് ഗൗരവതരമാണ്. പക്ഷപാതമില്ലാതെയാണ് തന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തംഗത്തിന് എതിരെ നടപടി ശുപാർശ ചെയ്യാൻ മാത്രമേ തനിക്കാകൂ. അത് താൻ ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തതിലൂടെ പഞ്ചായത്തംഗം ചെയ്തത് ഗുരുതര കുറ്റകൃത്യമാണ്. അതിനെതിരെ നടപടിയുമാവശ്യമാണ്. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇനി പന്ത് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കോർട്ടിലാണെന്നും മീണ വ്യക്തമാക്കി.തനിക്കെതിരായ രാഷ്ട്രീയപരാമർശം വേദനിപ്പിച്ചെന്നും ടിക്കാറാം മീണ പറഞ്ഞു.
കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കള്ളവോട്ട് നടന്നെന്ന യുഡിഎഫ് പ്രചാരണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പങ്കെടുക്കുകയാണെന്നും പക്ഷപാതപരമായി നടപടിയെടുക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
മുൻപേ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള തീരുമാനമാണ് മീണ സ്വീകരിച്ചതെന്നും കോടിയേരി ആരോപിച്ചു. പഞ്ചായത്തംഗത്തിന്റെ മെമ്പർ സ്ഥാനം റദ്ദാക്കണമെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് അദ്ദേഹത്തിന് അധികാരമില്ല. മീണയ്ക്ക് നിയമപരമായി പ്രവർത്തിക്കാൻ മാത്രമേ അധികാരമുള്ളുവെന്നും ടിക്കാറാം മീണയുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പ്രത്യേക മേഖലകൾ തിരഞ്ഞെടുത്തല്ല പരിശോധന നടത്തേണ്ടത്. കണ്ണൂരിൽ മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളിൽ കള്ളവോട്ട് നടന്നതായുള്ള ആരോപണം ഉയർന്നിട്ടുണ്ട്. അതും പരിശോധിക്കണം. കാസർകോട് മണ്ഡലത്തിൽ 156 ബൂത്തുകളെ സംബന്ധിച്ച് എൽ.ഡി.എഫ് പരാതി നൽകിയിരുന്നു. കണ്ണൂരിൽ 138 ബൂത്തുകൾ പ്രശ്നബൂത്തുകളെന്ന നിലയിൽ പരാതി നൽകിയിരുന്നു. ഇവിടെയൊന്നും പരിശോധന നടത്തിയില്ലെന്നും കോടിയേരി പറഞ്ഞു.
വെബ് കാസ്റ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളുടെ പേരിൽ നടക്കുന്ന മാധ്യമ വിചാരണയ്ക്കനുസരിച്ച് തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥനല്ല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഒരു വിഭാഗം ചാനലുകളും യു.ഡി.എഫ് നേതൃത്വവും ഏകപക്ഷീയമായി നടത്തുന്ന പ്രചാരണത്തിൽ കുടുങ്ങിപ്പോകാൻ പാടില്ല. തിരഞ്ഞെടുപ്പ് എല്ലായിടത്തും സുതാര്യമായി നടക്കേണ്ടതാണ്. ഏത് അന്വേഷണവും നേരിടാൻ സി.പി.എം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.