ഹൈദരാബാദ് :
ഏപ്രിൽ 18 നു തെലുങ്കാനയിൽ പ്ലസ് വൺ, പ്ലസ് ടു റിസൾട്ടുകൾ പുറത്തു വന്നപ്പോൾ വിദ്യാർത്ഥികൾക്ക് കൂട്ട തോൽവി. 9.74 ലക്ഷം വിദ്യാർത്ഥികളായിരുന്നു പരീക്ഷ എഴുതിയത്. അതിൽ 3.28 ലക്ഷം പേരും തോൽക്കുകയായിരുന്നു. അതായത് പരീക്ഷയെഴുതിയ 33% വിദ്യാർത്ഥികളും തോറ്റു. പരീക്ഷ തോറ്റതിന്റെ മനോവിഷമത്തിൽ സംസ്ഥാനത്തു ഇതുവരെ ജീവനൊടുക്കിയത് 25 വിദ്യാർത്ഥികൾ.
തെലങ്കാനയുടെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും പേർ തോൽക്കുന്നതും അതിനെ തുടർന്നുള്ള ആത്മഹത്യകളും. പരീക്ഷകളിലെ കൂട്ടത്തോൽവിയെ തുടർന്ന് രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച് ജുഡീഷൽ അന്വേഷണം വേണമെന്നും, ക്രിമിനൽ കേസ് എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ ഏജന്‍സിയായ ‘സെന്റര്‍ ഫോര്‍ ഗുഡ് ഗവര്ണന്സ്’ എന്ന സ്ഥാപനത്തിന് ആയിരുന്നു ഇന്റർ മീഡിയേറ്റ് പരീക്ഷകളുടെ ഫലം ക്രോഡീകരിച്ചു ഫലപ്രഖ്യാപനം നടത്താനുള്ള ചുമതല. എന്നാൽ ഇത്തവണ ഭരണ കക്ഷിയായായ തെലുങ്കാന രാഷ്ട്ര സമിതിക്കു താല്പര്യമുള്ള ‘ഗ്ലോബറിന ടെക്‌നോളജീസ്’ എന്നൊരു സ്ഥാപനത്തിനായിരുന്നു പരീക്ഷ സംബന്ധിച്ച അഡ്മിനിസ്‌ട്രേറ്റീവ്, ഫലപ്രഖ്യാപന ചുമതലകൾ നൽകിയത്. അവരുടെ കാര്യക്ഷമത കുറവാണ് പരീക്ഷ ഫലത്തിലെ കൂട്ട തോൽവിക്കു കാരണമെന്നു വ്യാപകമായ പരാതിയാണ് ഇപ്പോൾ ഉയരുന്നത്. ഇത്രയും കുട്ടികളുടെ ഫലം തയാറാക്കാനുള്ള സാങ്കേതിക പരിചയം കമ്പനിക്ക് ഇല്ലെന്നും ആരോപണമുണ്ട്.
പരീക്ഷ നടത്തിപ്പിന് ‘ഗ്ലോബറിന’ ഉപയോഗിച്ച സോഫ്റ്റ്‌വെയർ വൻ പരാജയം ആയിരുന്നു. 99 മാർക്ക് ലഭിക്കേണ്ടിയിരുന്ന വിദ്യാർഥിക്ക് ലഭിച്ചത് പൂജ്യം മാർക്ക്. നവ്യ എന്ന 12-ാം ക്ലാസ് വിദ്യാർഥിനിക്കാണ് 99 മാർക്കിനു പകരം പൂജ്യം ലഭിച്ചത്. ഇതിനെതിരെ ശക്തമായ വിമർശം ഉയർന്നതോടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപികയെ തെലുങ്കാന ഇന്റർമീഡിയറ്റ് ബോർഡ് സസ്പെൻഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരം പിഴവുകൾ എല്ലാ വർഷവും സംഭവിക്കാറുള്ളതാണെന്നും എന്നാൽ ഇക്കൊല്ലം ഇത് രാഷ്ട്രീയ വൽക്കരിച്ചതുകൊണ്ടു മാത്രം വിവാദം ആയതെന്നുമാണ് ‘ഗ്ലോബറിന ടെക്‌നോളജീസ്’ സി.ഇ.ഓ വി.എസ്. എൻ രാജു പറയുന്നത്.
പ്രതിഷേധങ്ങളെ തുടർന്ന് പരീക്ഷയിൽ പരാജയപ്പെട്ട എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി പുനർമൂല്യനിർണയം നടത്താനുള്ള അവസരം നൽകുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു. കൂട്ടത്തോല്‍വി അന്വേഷിക്കുന്നതിനായി നിലവില്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തണമെന്ന അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ‘ഗ്ലോബറിന ടെക്‌നോളജീസിനെ കൈവിടാതെ അവർക്ക് തന്നെ പുനർമൂല്യനിർണയത്തിന്റെയും, സപ്ലിമെന്ററി പരീക്ഷകളുടെയും ചുമതലകൾ ഏൽപ്പിക്കാനാണ് തെലുങ്കാന സർക്കാരിന്റെ തീരുമാനം.