വത്തിക്കാൻ സിറ്റി:
യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു.
കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ എന്നിവ ഒരുക്കിക്കൊടുക്കാനായി മെക്സിക്കൻ രൂപതകളുടേയും, മതസഭകളുടേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 27 പദ്ധതികൾക്കായി ഈ പണം വീതിച്ചുനൽകും.
കുടിയേറ്റക്കാരുടെ നേർക്ക് യു.എസ്. കടുത്ത നിലപാടെടുക്കുകയും, കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ മെക്സിക്കോ നടപടി എടുത്തില്ലെങ്കിൽ, അതിർത്തി അടയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ദർഭത്തിലാണ്, മാർപാപ്പയുടെ ഈ സഹായം.
കുടിയേറ്റക്കാരെ അകറ്റാൻ മതിലുകളും മറ്റു തടസ്സങ്ങളും സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ “അവർ നിർമ്മിക്കുന്ന മതിലുകളുടെ തന്നെ തടവുകാരായി മാറും” എന്ന് ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചിരുന്നു. “മതിലുകളുടെ നിർമ്മാതാക്കൾ, അത് റേസർ വയറുകൾകൊണ്ടോ അല്ലെങ്കിൽ ഇഷ്ടികകൾ കൊണ്ടോ ഉണ്ടാക്കുന്നതായിക്കൊള്ളട്ടെ, അവർ കെട്ടിപ്പടുക്കുന്ന മതിലുകളുടെ തടവുകാരായി അവർ തന്നെ മാറുമെന്ന്,” അദ്ദേഹം പറഞ്ഞതായി റോയിറ്റേഴ്സ് കുറച്ചുദിവസം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
മൊറോക്കോയിൽ സന്ദർശനം കഴിഞ്ഞ് മടങ്ങിവരുന്ന വിമാനത്തിൽ മാധ്യമപ്രവർത്തകരോടാണ് മാർപ്പാപ്പ തന്റെ അഭിപ്രായം പങ്കുവെച്ചത്. കുടിയേറ്റത്തെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾക്കും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മെക്സിക്കോയുടെ ദക്ഷിണ അതിർത്തി അടച്ചു പൂട്ടുമെന്ന് ഭീഷണി മുഴക്കിയതിനെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ തന്റെ പ്രതികരണത്തിൽ ഡൊണാൾഡ് ട്രംപിന്റെ പേര് മാർപാപ്പ എടുത്തു പറഞ്ഞിരുന്നില്ല.
കുടിയേറ്റ പ്രശ്നം, മതിലുകളോ അത്തരത്തിലുള്ള തടസ്സങ്ങളോ സൃഷ്ടിച്ചുകൊണ്ട് പരിഹരിക്കാനാവില്ലെന്നും, പകരം ലോകത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിച്ച് സാമൂഹികനീതി ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും മൊറോക്കോയിൽ വച്ച് മുതിർന്ന നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.