തിരുവനന്തപുരം :
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. കാസർകോട് മൂന്നിടത്തു കള്ളവോട്ട് നടന്നെന്നു കമ്മിഷൻ അറിയിച്ചു. പിലാത്തറയിൽ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ടുവോട്ട് ചെയ്തു. കള്ളവോട്ട് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി.
സലീനയും മുൻ പഞ്ചായത്ത് അംഗമായ സുമയ്യയും 19-ാം നമ്പർ ബൂത്തിലെ വോട്ടർമാരല്ലെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ട് ചെയ്ത മൂന്നു പേർക്കുമെതിരെ ക്രിമിനൽ കേസെടുക്കാൻ വരണാധികാരിക്ക് തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാനും കമ്മീഷൻ ശുപാർശ ചെയ്തു.
ഓപ്പണ്‍ വോട്ടാണ് നടന്നതെന്ന സിപിഎം വാദം ടിക്കാറാം മീണ തള്ളി. സി.പി.എമ്മിന്റെ വാദം വസ്തുതാവിരുദ്ധമാണ്. ഓപ്പൺ വോട്ട് എന്ന പേരിൽ വോട്ട് ചെയ്യാൻ സംവിധാനമില്ല. ചട്ടത്തിൽ കംപാനിയൻ വോട്ട് മാത്രമേയുള്ളു. കംപാനിയൻ വോട്ടിന് വോട്ടർ ഒപ്പമുണ്ടാകണമെന്നാണ് ചട്ടമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.പ്രിസൈഡിംഗ് ഓഫീസർ ചട്ടങ്ങൾ പാലിച്ചില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. വീഴ്ച്ച വരുത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ കളക്ടർമാർ അന്വേഷണം നടത്തണം. സംഭവത്തിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്നും ടിക്കാറാം മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കള്ളവോട്ട് ചെയ്യാൻ എൽ.ഡി.എഫ് ബൂത്ത് ഏജന്റ് സഹായിച്ചെന്നും തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കള്ളവോട്ടിന് വഴിയൊരുക്കിയ ബൂത്ത് ഏജന്റിനെതിരെയും നടപടി എടുക്കും. കള്ളവോട്ട് സംബന്ധിച്ച എല്ലാ പരാതികളും അന്വേഷിക്കും. റീ പോളിംഗിനെ കുറിച്ച് തീരുമാനിക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കാറാം മീണ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച സംസ്ഥാനത്ത് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് കോൺഗ്രസ് ആയിരുന്നു. പിലാത്തറ സ്കൂളിൽ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. കള്ളവോട്ട് ചെയ്യുന്ന ജനപ്രതിനിധിയുടെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരേ സ്കൂളിലെ രണ്ട് ബൂത്തുകളിൽ നിന്ന് ജനപ്രതിനിധിയായ എം പി. സലീന വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വ്യാജ തിരിച്ചറിയൽ കാർഡും ഉപയോഗിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇവർ ചെയ്തത് ഓപ്പൺ വോട്ടാണ് എന്ന് സി.പി.എം ന്യായീകരിച്ചിരുന്നു. ഈ വാദമാണ് ഇപ്പോൾ പൊളിയുന്നത്.