Thu. Apr 25th, 2024
#ദിനസരികള് 742

ഒമര്‍ഖയ്യാമിനെ വായിക്കുക, വെറുതെ. വെറുതെയെന്നു പറഞ്ഞാല്‍ വെറുതെ. പുഴവക്കത്തു പൂത്തു നില്ക്കുന്ന കടമ്പില്‍ നിന്നും ഒരു പൂവു പൊഴിയുന്നതുപോല, വെറുതെ. ദൂരങ്ങളിലെവിടെയോ നിന്ന് മാരുതന്‍ ആവാഹിച്ചുകൊണ്ടുവരുന്ന മദസുരഭികളെപ്പോലെ, വെറുതെ. പുലര്‍‍ച്ചകളില്‍ മിന്നല്‍പ്പിണര്‍‌പോലെ തൊടിയിടങ്ങളില്‍ എവിടേക്കോ പാഞ്ഞു മറയുന്ന ചെറുജാതികളെപ്പോലെ, വെറുതെ. വസന്താഗമത്തില്‍ പ്രാണപ്രേയസിയെ കാത്തിരിക്കുന്ന യുവനായകന്‍ പാമ്പുകടിയേറ്റു മരിക്കുന്നതുപോലെ, വെറുതെ. വെറുതെ നാം ഒമര്‍ഖയ്യാമിനെ വായിക്കുക.

ഇങ്ങനെ-

“ഏറെ വാദങ്ങളുച്ചത്തിലുന്നയി
ച്ചേറ്റുമുട്ടും അസംഖ്യം മതങ്ങളെ
വീതസംശയം ഖണ്ഡിച്ചു വീഴ്ത്തുവാന്‍
വീഞ്ഞിനാകും സുശക്തമാം യുക്തിയാല്‍
എന്നുമല്ലതിനുണ്ടു താന്‍ ജീവിത
മെന്ന കാരീയലോഹഖണ്ഡത്തിനെ
മാറ്റെഴും തനിത്തങ്കമായ്ത്തല്‍ ക്ഷണം
മാറ്റുവാനുള്ള രാസവൈദഗ്ദ്യവും”

ഇങ്ങനെ

വിണ്ണില്‍ മെല്ലെന്നുഷസ്സിന്നിടംകരം
മിന്നിടുമ്പോള്‍ കിനാവു കാണുന്ന ഞാന്‍
കേള്‍ക്കയായ് മധുശാലക്കകത്തുനി –
ന്നേറ്റമുച്ചത്തില്‍ വാക്യമൊന്നീവിധം
“എന്‍ കിടാങ്ങളേ, നിദ്രവിട്ടെഴു –
ന്നേല്ക്കുവിന്‍ പാനപാത്രം നിറയ്ക്കുവിന്‍
ജീവിതത്തിന്റെ മുന്തിരിനീരതില്‍
തീരെ വറ്റിക്കഴിഞ്ഞിടും മുന്നമേ”

ഭാരങ്ങളൊക്കെയും ഇറക്കി വെക്കുക. പാറി നടക്കുന്ന അപ്പൂപ്പന്‍ താടിയെപ്പോലെ, തടി തനിയെ വിട്ട് ലോകാന്തരങ്ങളെ ചുറ്റുന്ന സ്വപ്നാടനങ്ങളെപ്പോലെ, കൂമന്‍കാവില്‍ ബസ്സു കാത്തുകിടക്കുന്നവനെപ്പോലെ, ഭാരങ്ങളൊക്കെയും ഇറക്കിവെച്ചതിനു ശേഷമായിരിക്കും നാം ഒമര്‍ഖയ്യാമിനെ വായിക്കുക.

“എന്തി; നെങ്ങുനി, ന്നെങ്ങോട്ടൊരക്ഷരം
മിണ്ടിടാതിങ്ങനോടിച്ചു നമ്മളെ?
ചോദ്യമില്ലാതിവിടെനിന്നെന്തിനോ
തൂത്തെറിയുവതെങ്ങോട്ടു നമ്മളെ?
ഈ വൃഥാവമാനത്തിന്റെയോര്‍മ്മയെ
വീഞ്ഞില്‍ മുക്കിക്കെടുത്തിക്കളയുവാന്‍
ഒന്നുകൂടി നിറയ്ക്കുക, പിന്നെയു
മൊന്നുകൂടിയിപ്പാനപാത്രം പ്രിയേ!”

വേദാന്തങ്ങളേയോ, കാപട്യമാര്‍ന്ന ധാര്‍മികാവേശങ്ങളേയോ മാത്രം ഉപയോഗിച്ചു കൊണ്ട് നിങ്ങള്‍ മഴവില്‍ ജീവിതം ആരചിക്കാനാകുമോ? എത്ര വിസ്തൃതി കുറഞ്ഞ വട്ടങ്ങളായിരിക്കും അങ്ങനെയെങ്കില്‍ നിങ്ങളുടെ ജീവിതം? അരുതുകളിലേക്ക് ചുരുക്കിക്കെട്ടുന്ന എന്തിനേയും ദുരെ ത്യജിക്കുക എന്നല്ലാതെ ജീവിതം ജീവിതമാക്കാന്‍ വേറെയെന്താണ് വഴി? പ്രത്യേകിച്ചും ഒര കാലടിപ്പാടകലെ മരണം തുടിച്ചു നില്ക്കുമ്പോള്‍?

ഹാ! നിറയ്ക്കുക വീണ്ടുമീ ഭാജനം
വേണമോ സഖീ വാചകാവര്‍ത്തനം?
കാലടികള്‍ക്കടിയിലൂടക്ഷമം
കാലമോടിക്കടന്നു പോകുന്നിതേ
വന്നിനിയും പിറക്കാത്ത നാളെ യീ
മണ്ണില്‍ വീണു മരിച്ചതാമിന്നലെ
എന്തിനാടല്‍‌‌പ്പെടുന്നിവയോര്‍ത്തുകൊ
ണ്ടിന്നു തീര്‍ത്തും മധുരമാണെങ്കില്‍ നാം
ഒരു നിമിഷത്തിന്റെ ആയുസ്സ്. ജീവിതത്തിനു ചുറ്റും വാരിക്കോരി വലിച്ചിട്ടിരിക്കുന്നാതകട്ടെ പ്രപഞ്ചം തുടങ്ങിയ കാലംമുതല്‍ ചുറ്റിചുറ്റിപ്പിടിക്കുന്ന സമസ്യകള്‍. ആരും ശരിയായ ഉത്തരം നല്കാത്തവ. തെറ്റായ ഉത്തരങ്ങളെ ശരിയാണെന്ന് നടിക്കുന്ന ജ്ഞാനികള്‍. ആഹാ! അല്പത്തരങ്ങള്‍ അല്പത്തരങ്ങള്‍! അതാണത്രേ പരമമായ ശരി. ചിരിക്കാതെന്തു വഴി!

അസ്തശങ്കം നിയമവും ചട്ടവും
മുദ്ധരിച്ചുകൊണ്ടസ്തിയും നാസ്തിയും
സ്വപ്രതിഭയാലുച്ചവും നീചവും
നിര്‍വചിക്കുവാനാളായിരുന്നു ഞാന്‍
വിദ്യകള്‍ പലതഭ്യസിച്ചീടുവാ
നുദ്യമിച്ചു ഞാന്‍ സശ്രദ്ധമെങ്കിലും
ഇല്ലെനിക്കേറെയാഴത്തിലുള്ളറി
വിന്നുമീ വീഞ്ഞിലെന്നി മറ്റൊന്നിലും!

അതുകൊണ്ട്

അസ്തമിക്കാന്‍ തുടങ്ങുമെന്‍ ജീവനു
സ്വസ്തി നേരണം മുന്തിരിനീരിനാല്‍
ജീവനറ്റൊരെന്‍ മെയ്യതേ മുന്തിരി
നീരിനാല്‍ പരിക്ഷാളനം ചെയ്യണം
സാന്ദ്രശീതളം മുന്തിരിപ്പച്ചില
ച്ചാര്‍ത്തുകൊണ്ടു പുതപ്പിച്ചനന്തരം
സംസ്കരിക്കേണമെന്നെ പ്രിയാഭമാം
പുഷ്പവാടി തന്നേകാന്തസീമയില്‍
മണ്ണില്‍ നിങ്ങള്‍ കുഴിച്ചിടുമെന്‍ ചിതാ
ഭസ്മധൂളികള്‍ പോലും നിഗൂഡമായ്
ബന്ധമോചനം നേടി സ്സുഗന്ധമാ
യന്തരീക്ഷത്തിലെങ്ങും പരന്നിടും
വല്ല നാളിലും യാത്രയിലീവഴി
വന്നു ചേരും യഥാര്‍ത്ഥ വിശ്വാസികള്‍
തീര്‍ത്തമത്ഭുതപ്പെട്ടുടന്‍ പെട്ടുപോ
മോര്‍ത്തിരിക്കാത്തൊരാനന്ദമൂര്‍ച്ഛയില്‍!

പരിഭാഷ:- തിരുനല്ലൂര്‍ കരുണാകരന്‍

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *