പാലക്കാട് :
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ 359 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കേരളത്തിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ റെയ്ഡ്. പാലക്കാട് ജില്ലയിലെ കൊല്ലംകോട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, കാസർകോട് മധൂർ കാളിയങ്കാട് സ്വദേശി അബൂബക്കർ സിദ്ദിഖ് (28), തായൽ നായന്മാർമൂലയിലെ അഹമ്മദ് അറഫാത്ത് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തെന്നാണ് വിവരം. കാസർഗോഡ് സ്വദേശികളോട് വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ സഹ്റാൻ ഹാഷിമുമായി മൂവർക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. ‘തീപ്പൊരി പ്രാസംഗികനായ’ സഹ്രാൻ തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടായിരുന്നെന്ന് ശ്രീലങ്കയിലെ പ്രമുഖ ഇംഗ്ലിഷ് പത്രമായ ഡെയ്‍ലി മിറർ റിപ്പോർട്ട് ചെയ്തിരുന്നു. ആലുവയ്ക്കടുത്തു പാനായിക്കുളത്തും മലപ്പുറത്തും സഹ്രാൻ പ്രഭാഷണങ്ങൾക്കായി എത്തിയിട്ടുണ്ടെന്നാണു റിപ്പോർട്ട്.
കേരളത്തിലും തമിഴ്നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ പരിശോധന തുടങ്ങിയത്. ശ്രീലങ്കയിൽ സ്ഫോടന പരമ്പര നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഒരജ്ഞാതൻ കോയമ്പത്തൂരുൾപ്പെടെയുളള തമിഴ്നാട്ടിലെ നഗരങ്ങളിലെത്തിയെന്നും എൻ.ഐ.എ കരുതുന്നു. കോയമ്പത്തൂരിലുൾപ്പെടെ കഴിഞ്ഞമാസം വന്ന് താമസിച്ച ആളുകളുടെ വിവരങ്ങൾ ഹോട്ടലുകളും ലോഡ്‍ജുകളും കേന്ദ്രീകരിച്ച് എൻ.ഐ.എ സംഘം ശേഖരിച്ചിട്ടുണ്ട്. യുവാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പാലക്കാട് സ്വദേശിക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം.