കാർവാർ (കർണ്ണാടക):
ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്‍ വിക്രമാദിത്യയിൽ തീപിടിത്തം. നാവികസേനയിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കർണാടകയിലെ കാർവാറിലുള്ള തുറമുഖത്തേക്കു കപ്പൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം. ലഫ്.കമാൻഡർ ഡി.എസ്. ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് നാവികസേന വാർത്താക്കുറിപ്പിൽ അറിയിച്ചു. മധ്യപ്രദേശ് സ്വദേശിയായ ചൗഹാന്റെ വിവാഹം കഴിഞ്ഞ മാസമായിരുന്നു.
തീപിടിത്തം നിയന്ത്രണ വിധേയമായെങ്കിലും പുക ശ്വസിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീഴുകയായിരുന്നു. കാർവാർ നാവിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തീ നിയന്ത്രണ വിധേയമായെന്നും ഗുരുതരമായ കേടുപാടുകള്‍ ഉണ്ടായില്ലെന്നും നാവിക ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. കപ്പലിൽ തീപിടിത്തമുണ്ടായതിനുള്ള കാരണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു.
2014ല്‍ റഷ്യയില്‍നിന്ന് വാങ്ങിയ 230 കോടി ഡോളറിനാണ് ഇന്ത്യ ഐ.എന്‍.എസ് വിക്രമാദിത്യ വാങ്ങിയത്. ഇന്ത്യന്‍ നേവിയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ വിക്രമാദിത്യക്ക് 284 മീറ്റര്‍ നീളവും 60 മീറ്റര്‍ ഉയരവുമുണ്ട്. 40,000 ടണ്‍ ഭാരവും കപ്പലിനുണ്ട്.2013ലാണു വിക്രമാദിത്യ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്.