Sat. Apr 20th, 2024
തിരുവനന്തപുരം:

വാരാണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുന്നേ കേരളത്തെ കുറിച്ച് നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

“കേരളത്തില്‍ ബിജെപിക്കാര്‍ക്കു പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്ന് എന്തടിസ്ഥാനത്തിലാണ് മോദി പറയുന്നത്? കേരളത്തെക്കുറിച്ചു മോദി നടത്തിയ പരാമർശങ്ങൾ പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിനു ചേർന്നതല്ല. സംഘപരിവാറില്‍പെട്ട അക്രമികൾക്കു സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യു.പിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാനപാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്.” പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ കേരളത്തിൽ ജീവൻ പണയം വച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നു വാരണാസിയിൽ മോദി പ്രസംഗിച്ചിരുന്നു. കേരളത്തിൽ വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പക്ഷെ ഇത്തരം സാഹചര്യങ്ങളിൽ അവര്‍ ഭയപ്പെട്ടില്ലെന്നും എല്ലാം അതിജീവിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മോദിയുടെ കേരളത്തെ കുറിച്ചുള്ള ഈ വിദ്വേഷ പ്രസംഗത്തെയാണ് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ ചോദ്യം ചെയ്തത്. കേരളത്തിൽ അയ്യപ്പന്‍റെ പേര് ഉച്ചരിച്ചാൽ അറസ്റ്റിലാകുമെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു.

പിണറായി വിജയൻറെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തില്‍ ബി.ജെ.പി.ക്കാര്‍ക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?

രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുൻപ് ആ കണക്കു നോക്കാൻ പ്രധാനമന്ത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

സംഘപരിവാറില്‍പെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉള്‍പ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തില്‍ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വര്‍ഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകര്‍ക്കാന്‍ ആര്‍.എസ്.എസ്. നേതൃത്വത്തില്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്‍റെയും ശക്തികള്‍ക്ക് കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പ്രേരണയാകുന്നത്.

എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്‍.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്‍റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകള്‍ ആവര്‍ത്തിക്കാന്‍ മതസൗഹാര്‍ദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *