Fri. Nov 22nd, 2024

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യയതയുള്ളത്. ഇവിടെയെല്ലാം ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെ 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തും കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലിൽ പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. ശ്രീലങ്കയ്ക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണു ന്യൂനമർദ്ദം രൂപമെടുത്തത്. ഇത് അതിതീവ്രന്യൂനമര്‍ദ്ദമായ ശേഷം ചുഴലിക്കാറ്റായി മാറിയേക്കാം.

അതിനിടെ കനത്ത മഴയില്‍ മരം കടപുഴകി വീണ് മലപ്പുറം ജില്ലയിൽ മൂന്നു പേർ മരിച്ചു. നിലമ്പൂരിനു സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിലെ ശങ്കരൻ, ചാത്തി, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി എന്നിവരാണു മരിച്ചത്. വനാതിര്‍ത്തി ഗ്രാമത്തിലെ ആദിവാസി ഉത്സവത്തിനിടെയായിരുന്നു അപകടം. നിരവധി പേർക്കു പരുക്കേറ്റു.

സംസ്ഥാനത്തുടനീളം രൂക്ഷമായ കടല്‍ക്ഷോഭം തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്കു കടല്‍കയറി. തീരത്തു താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 19 കുടുംബങ്ങളെ ക്യാംപുകളിലേക്കു മാറ്റി. തിരുവനന്തപുരത്തെ തീരമേഖലകളില്‍ 200ലേറെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ഇതുവരെ ഇരുപത് വീടുകള്‍ ഇവിടെ തകര്‍ന്നു കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *