Fri. Apr 26th, 2024
കൊച്ചി:

കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ വോട്ടിംഗ് മെഷിനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. പോളിംഗ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ലാണ് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പോള്‍ ചെയ്തതിനേക്കാളും 43 വോട്ടുകള്‍ മെഷീനില്‍ കൂടുതലായി കണ്ടെത്തിയത്. ഈ ബൂത്തിലാണ് റീ പോളിങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരാതി നല്‍കിയതോടെ കളക്ടര്‍ സ്ഥലത്തെത്തി വോട്ടിംഗ് യന്ത്രം പ്രത്യേകം സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ വോട്ടിംഗ് യന്ത്രം എണ്ണണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും. വോട്ടെടുപ്പിന് ശേഷം ആകെ വോട്ടിന്റെ എണ്ണം എടുക്കുമ്പോഴായിരുന്നു വ്യത്യാസം കണ്ടത്. തുടര്‍ന്ന് മൂന്ന് മുന്നണിയിലേയും പ്രതിനിധികള്‍ കൂട്ടായാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സ്ഥലത്തെത്തിയ കലക്ടറുടെ നേതൃത്വത്തില്‍ വോട്ടിംങ് മെഷീന്‍ പരിശോധിച്ച്‌ ഇത് സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആകെ 215 വോട്ടര്‍മാരാണ് കളമശ്ശേരി 83-ാം നമ്പര്‍ ബൂത്തില്‍ പോള്‍ ചെയ്തത്. അവസാനം എണ്ണിയപ്പോള്‍ 258 വോട്ടുകള്‍ പോള്‍ ചെയ്തതായാണ് കാണിക്കുന്നത്.ഇതിന് മുന്‍പ് അടൂരിലെ ബൂത്തിലും പോള്‍ ചെയ്ത വോട്ടില്‍ വ്യത്യാസം കണ്ടെത്തിയിരുന്നു. അടൂര്‍ പഴകുളം 123 ആം നമ്പര്‍ ബൂത്തില്‍ 843 വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും യന്ത്രത്തില്‍ 820 വോട്ടുകള്‍ മാത്രമാണ് ഉള്ളത്. ഇവിടേയും രാഷ്ട്രീയപാര്‍ട്ടികള്‍ റീ പോളിങ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *