എറണാകുളം :
സംസ്ഥാനത്തെ ഉയർന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻറെ രോക്ഷ പ്രകടനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ ‘മാറി നിൽക്കങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ കയറി പോവുകയും ചെയ്തു.
എറണാകുളം ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരായിരുന്നു പിണറായിയുടെ ശകാരത്തിന്റെ ചൂടറിഞ്ഞത്. ഉയര്‍ന്ന പോളിങ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വാദവുമായി മൂന്ന് മുന്നണികളിലെയും നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയോടുള്ള ചോദ്യം.
ഇതിന് മുൻപും മുഖ്യമന്ത്രിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള ക്ഷോഭം വാര്‍ത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. സി.പി.എം, ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള സമാധാന ചര്‍ച്ചയ്ക്കിടെ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ നിന്നും മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു. അതിനു ശേഷം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായി മാധ്യമങ്ങളുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ ഇന്ന് അപ്രതീക്ഷിതമായി അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. പിണറായിയുടെ രോക്ഷ പ്രകടനത്തിന് കാരണം കേരളത്തിൽ വലത് തരംഗമെന്ന ഇന്റലിജൻസ് റിപ്പോർട്ടെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.