Wed. Jan 22nd, 2025
ന്യൂഡൽഹി:

2002 ൽ നടന്ന ഗുജറാത്ത് ലഹളയ്ക്കിടയിൽ കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് ബാനോയ്ക്ക് 50 ലക്ഷവും, സർക്കാർ ജോലിയും, നല്കാനും, താമസസൗകര്യം ഏർപ്പെടുത്താനും, സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് ഉത്തരവു നലകി.

ഗുജറാത്ത് സർക്കാർ ആദ്യം വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുകയായ അഞ്ചു ലക്ഷം, ബാനോ നിരസിച്ചിരുന്നു.

കൂട്ടബലാത്സംഗക്കേസിൽ ബോംബെ ഹൈക്കോടതി ശിക്ഷിച്ച പോലീസ് അധികാരികളുടെ ശിക്ഷണനടപടികൾ പൂർത്തിയാക്കാൻ, സുപ്രീം കോടതി, ഇതിനുമുമ്പ്, മാർച്ച് 30 നു വാദം കേട്ടപ്പോൾ, ഗുജറാത്ത് സർക്കാരിന് ഉത്തരവു നൽകിയിരുന്നു.

ഗുജറാത്ത് കലാപത്തിനിടയ്ക്കാണ് 19 കാരിയായ, ഗർഭിണിയായ ബിൽക്കീസ് ബാനോയെ 11 പേർ ബലാത്സംഗം ചെയ്തത്. 3 വയസ്സായ മകളടക്കം, ബിൽക്കീസിന്റെ കുടുംബത്തിലെ 14 പേർ അഹമ്മദാബാദിനടുത്തുവെച്ച് അക്രമികളാൽ കൊല്ലപ്പെട്ടിരുന്നു.

ആ കേസുമായി ബന്ധപ്പെട്ട്, 5 പോലീസ് ഉദ്യോഗസ്ഥരേയും ബോബെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. അവരുടെ കടമ ശരിക്കു നിർവ്വഹിക്കാതിരുന്നതിനും, ബലാത്സംഗക്കേസിന്റെ അന്വേഷണസമയത്ത്, അതിന്റെ തെളിവുകൾ നശിപ്പിച്ചതിനുമാണ് ശിക്ഷ കിട്ടിയത്.

ഹൈക്കോടതി ശിക്ഷിച്ചതിനെതിരെ, രണ്ടു ഡോക്ടർമാരും, നാലു പോലീസുകാരും നൽകിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.

കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ ഗുജറാത്ത് സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും, ആരോപിതനായ ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുമെന്നും, കേസിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ വിരമിച്ചിട്ടും, അവർക്കെതിരെയും, പെൻഷൻ തടയുകയോ, വിരമിച്ചതിന്റെ ആനുകൂല്യങ്ങൾ തടയുകയോ മുതലായ ഒരു നടപടിയും എടുത്തിട്ടില്ലെന്നും, ബാനോയുടെ അഭിഭാഷകയായ ശോഭ ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *