ശ്രീലങ്ക:
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ പള്ളികളില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എസ്.ആര്‍. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എച്ച്.ശിവകുമാര്‍, വെമുരൈ തുള്‍സിറാം, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണന്‍, നാരായണ്‍ ചന്ദ്രശേഖര്‍, ലക്ഷ്മണ ഗൗഡ രമേഷ് എന്നിവരാണ് മരിച്ചത്.
നെഗോംബോ, ബത്തിക്കലോവ, കൊളംബോ കൊച്ചിക്കാഡെ ജില്ലകളിലുള്ള ക്രിസ്ത്യൻ പള്ളികളിലാണ് ഈസ്റ്റർ പ്രാർത്ഥന ചടങ്ങുകൾക്കിടയിൽ ആദ്യം സ്ഫോടനം ഉണ്ടായത്. തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഷാൻഗ്രി ലാ, കിങ്സ്ബറി, സിന്നമോൺ ഗ്രാൻഡ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങൾ നടന്നു. പൊലീസ് അക്രമികൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതിടെ ഉച്ചയോടെ ദെഹിവാല മൃഗശാലക്കു സമീപം സ്ഫോടനം ഉണ്ടായി. കൊളംബോയ്ക്ക് സമീപം ദെമതാഗോഡ ജില്ലയിൽ പൊലീസ് റെയ്ഡ് നടക്കുന്നിടെയാണ് എട്ടാമത്തെ പൊട്ടിത്തെറി നടന്നത്. ഇവിടെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മിക്ക ഇടങ്ങളിലും ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ഇതിന് ശേഷം നടന്ന തെരച്ചിലിലാണ് വിമാനത്താവളത്തിൽ നിന്ന് ബോംബ് കണ്ടെത്തിയത്.