Mon. Dec 23rd, 2024
#ദിനസരികള് 733

ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ നുണയനെന്ന് വിളിക്കുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? ഇല്ല എന്നാണുത്തരം. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കുന്നയാള്‍ ആ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ നിരന്തരം നുണ പറഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ നുണയനെന്നല്ലാതെ എന്താണ് വിളിക്കുക?

പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്രമോദി തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല, രാഷ്ട്രീയക്കളത്തില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ തുടങ്ങിയതാണ്. അന്ന് ഗുജറാത്തായിരുന്നു തട്ടകം. പതിയെപ്പതിയെ ദേശീയതലത്തിലേക്കെത്തി. നുണ പറഞ്ഞു പറഞ്ഞ് ജനങ്ങളെ പറ്റിച്ചും തമ്മിലടിപ്പിച്ചും തന്നെയാണ് പ്രധാനമന്ത്രിക്കസേരയിലേക്ക് അദ്ദേഹം ചെന്നു കയറിയത്.

ഒരുളുപ്പുമില്ലാതെ ഇത്രയും വലിയ നുണകള്‍ പ്രചരിപ്പിക്കുവാന്‍ എങ്ങനെയാണ് ഒരാള്‍ക്ക് കഴിയുക എന്ന ആശങ്ക അസ്ഥാനത്താണെന്നാണ് നരേന്ദ്രമോദിയുടെ ചരിത്രം പറയുന്നത്. മറ്റെല്ലാം ചിലപ്പോള്‍ രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കു വേണ്ടി വളച്ചൊടിച്ചുവെന്നോ തെറ്റായി പ്രചരിപ്പിച്ചുവെന്നോ വാദിക്കാം. എന്നാല്‍ സ്വന്തം വിവാഹകാര്യവും വിദ്യാഭ്യാസ നിലവാരവും ഒരാള്‍ക്ക് തെറ്റുമോ?

അവിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് എത്ര കാലമാണ് അദ്ദേഹം നമ്മുടെ മുന്നില്‍ മറ്റൊരു വേഷമാടിയത്? പിന്നീട് പൊടുന്നനെ വിവാഹിതനാണെന്ന് സമ്മതിക്കേണ്ടിവന്നു. അപ്പോഴും ന്യായീകരണങ്ങളുടെ ഘോഷയാത്രയുമായി വൈതാളികന്മാര്‍ അകമ്പടി സേവിക്കാന്‍ എത്തി.
ഇങ്ങനെ നുണകളുടെ കോട്ടപ്പുറത്ത് തന്റെ സിംഹാസനമുറപ്പിച്ചിരിക്കുന്ന ഒരാളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ചില നുണകളോട് പൊതുസമൂഹം പ്രതികരിച്ചില്ലെങ്കില്‍ അതാണ് ശരിയെന്ന് തെറ്റിദ്ധരിക്കാനിടയാകും. പ്രത്യേകിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണല്ലോ മോദി.

ഇലക്ഷനായതോടെ നുണകളുടെ പെരും ചുരുളുകളാണ് മോദിയും സംഘപരിവാരവും കെട്ടഴിച്ചു വിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെത്തിയ മോദി അതേ നുണതന്നെയാണ് ആവര്‍ത്തിക്കുന്നതും.
ശബരിമല വലിയൊരു സാധ്യതയായിരുന്നുവെന്നാണ് സംഘപരിവാരം വിലയിരുത്തിപ്പോന്നത്. എന്നാല്‍ അതിനു വിപരീതമായിട്ടാണ് കേരളത്തിലെ പൊതു സമൂഹം പ്രതികരിച്ചത്. അതുവരെ യുവതിപ്രവേശനത്തെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചിരുന്ന പരിവാരം കോടതി വിധി വന്നതോടെ കരണം മറിഞ്ഞുകൊണ്ട് മുതലെടുപ്പിനുള്ള ശ്രമം തുടങ്ങി.

പിന്നീട് അങ്ങോട്ട് ബി.ജെ.പിയുടേയും കൂട്ടരുടേയും അഴിഞ്ഞാട്ടമാണ് കേരളം കണ്ടത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യദിവസംതന്നെ കേരളത്തെ എങ്ങോട്ടു നയിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നതെന്നതിന്റെ ചിത്രം വ്യക്തമായി.

കെ.എസ്.ആർ.ടി.സി ബസ്സുകള്‍ക്ക് കല്ലെറിഞ്ഞും പോലീസുകാരെ അടിച്ചോടിച്ചും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചും കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടന്നത്.
പിന്നീട് ശബരിമലയിലെത്തുന്ന ഭക്തകളെ തെരഞ്ഞു പിടിച്ച് ഉപദ്രവിച്ചു. അറുപതും എഴുപതും വയസ്സായ അമ്മമാരെ പ്രായത്തിന്റെ പേരില്‍ ക്രൂരമായി ആക്രമിച്ചു.

തീര്‍ത്ഥാടകയായ സ്ത്രീകളുടെ തലയിലേക്ക് തേങ്ങ വലിച്ചെറിയുന്ന സംഘപരിവാര ഭക്തന്റെ ചിത്രം ലോകം കണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഈ കുഴപ്പങ്ങളൊക്കെയുണ്ടാക്കുവാന്‍ വിദഗ്ദമായി കൂട്ടുനിന്നുവെന്നതാണ് വസ്തുത. അവര്‍ സുരക്ഷയുടെ പേരു പറഞ്ഞ് നൂറ്റിനാല്പത്തിനാല് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസിനെ ശക്തമായി വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടു. ക്രമസമാധാനം പാലിക്കാനുള്ള എല്ലാ സാധ്യതയും പാലിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന് നിര്‍‌ദ്ദേശം നല്കി.

ഒരു വശത്ത് ഇങ്ങനെ ഒളിച്ചു ഇടപെടുമ്പോള്‍ മറുവശത്ത് ശബരിമലയില്‍ നൂറ്റി നാല്പത്തിനാലു പ്രഖ്യാപിക്കുന്നുവെന്ന് ആക്ഷേപിച്ചു. പോലീസിനെ നിരത്തി ഭക്തരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചു.
കേന്ദ്രമന്ത്രിമാരെ കൊണ്ടു വന്ന് മുതലെടുക്കുവാന്‍ ശ്രമിച്ചു. നിയമപരമല്ലാത്ത രീതിയില്‍ ഇടപെടാന്‍ അവരെ പ്രേരിപ്പിച്ചു.

എന്നാല്‍ ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാറിന്റേയും കള്ളക്കളി പൊതുസമൂഹം അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ബി.ജെ.പിക്കാരും അന്ധരായ കമ്യൂണിസ്റ്റ് വിരോധം പുലര്‍ത്തുന്നവര്‍ക്കും മാത്രമായിരുന്നു ശബരിമല ഒറു വിഷയമായിത്തീര്‍ന്നത്.

ആദ്യമൊക്കെ ശബരിമലയില്‍ കോടതിവിധി കുഴപ്പങ്ങളുണ്ടാക്കുമെന്ന് വിശ്വസിച്ചിരുന്ന യഥാര്‍ത്ഥ വിശ്വാസികള്‍‌പോലും ബി.ജെ.പിയുടെ അക്രമങ്ങളോട് ഐക്യപ്പെടാന്‍ തയ്യാറായില്ല. അങ്ങനെ ഇടതുപക്ഷത്തെ കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കാനുള്ള ഒരു ഉപാധിയായി സംഘപരിവാരം കണ്ട ശബരിമല വിശ്വാസികളെപ്പോലും ആകര്‍ഷിക്കാത്ത ഒന്നായി മാറി.

കേരളം തള്ളിക്കളഞ്ഞ ഒരു വിഷയത്തെയാണ് വീണ്ടും പ്രധാനമന്ത്രി പുതിയതായി കൂട്ടിച്ചേര്‍ത്ത നുണകളുടെ അകമ്പടിയോടെ പൊതുസമൂഹത്തിലേക്ക് തുറന്നു വിടാന്‍ ശ്രമിക്കുന്നത്. എന്തൊക്കെ നുണകളാണ് മോദി പറയുന്നത്? ദൈവത്തിന്റെ പേര് ഉച്ചരിച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പുകളിട്ട് കേസെടുക്കുന്നുവത്രേ!

വിശ്വാസികളെ പോലീസിനെ ഉപയോഗിച്ച് പീഢിപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നു. തലയില്‍ തേങ്ങയെറിഞ്ഞവനെതിരെ കേസെടുക്കരുതെന്നാണോ പ്രധാനമന്ത്രി പറയുന്നത്? നിയമസംവിധാനങ്ങളെ പരസ്യമായി തള്ളിക്കളഞ്ഞവരെ വെറുതെ വിടണമെന്നോ?

ശബരിമല വിഷയത്തില്‍ ബി.ജെ.പി. പറയുന്നതാണ് ശരിയെങ്കില്‍ കോടതി വിധിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാറാണ് ഇലക്ഷന്‍ കാലമായപ്പോള്‍ മുതലെടുപ്പിന് വേണ്ടി പുതിയ നുണകളുമായി വരുന്നത്.

ഓരോ വിശ്വാസിയും ഈ നരേന്ദ്രമോഡിയോട് ചോദിക്കേണ്ട ഒരു ചോദ്യം, നിങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍ ആ ശരിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്തുവെന്നാണ്. ജനതയെ തമ്മില്‍ തല്ലിക്കാനുള്ള മോഡിയുടേയും കൂട്ടരുടേയും ശ്രമം നടക്കില്ല, കാരണം ഇത് കേരളമാണ്, മോഡി ഇവിടെ ആരും എടുക്കാത്ത ഓട്ടക്കാലണയുമാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *