ന്യൂഡൽഹി:
‘ഇറോസ് നൗവില്‍’ സംപ്രേക്ഷണം ചെയ്തു വരുന്ന ‘മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന വെബ് ഷോ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. പത്ത് ഉപകഥകളായുള്ള പരമ്പരയുടെ അഞ്ച് ഭാഗങ്ങൾ ഇതിനകം സംപ്രേക്ഷണം ചെയ്തിരുന്നു. ആദ്യഭാഗം ഈ മാസം മൂന്നിനാണ് പുറത്തുവന്നത്. അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പരമ്പര സംപ്രേഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. ഇന്റർനെറ്റിൽനിന്നും പരമ്പരയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളെല്ലാം നീക്കണമെന്നും കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കിഷോർ മക്വാന എഴുതിയ ‘മോദി: കോമൺ മാൻസ് പിഎം’ എന്ന പുസ്തകത്തെ ആധാരമാക്കി ഉമേഷ് ശുക്ലയാണ് പരമ്പര സംവിധാനം ചെയ്തത്. പ്രതീക്ഷച്ചതിൽ ഏറെ സ്വീകാര്യതയാണ് പരമ്പരയ്ക്കു ലഭിച്ചതെന്നായിരുന്നു സംവിധായകന്റെ അവകാശവാദം.നേരത്തെ ഇറങ്ങേണ്ട പരമ്പര സാങ്കേതിക പ്രശ്നങ്ങളെ തുടന്ന് വൈകിയതാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് യാദൃശ്ചികമായാണെന്നും സംവിധായകൻ പറയുന്നു.
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പരമ്പര നിർമാതാക്കളിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടുകയായിരുന്നു. പുറത്തു വന്ന ട്രെയിലര്‍ പരിശോധിച്ചതില്‍ മോദിയുടെ രാഷ്ട്രീയ ജീവിതമാണ് വെബ് സീരിസിന്റെ പ്രതിപാദ്യ വിഷയമെന്ന് ബോധ്യപ്പെട്ടതായും ഈ സാഹചര്യത്തില്‍ ഇതുവരെ ‘ഇറോസ് നൗ’ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞ അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്നും തുടര്‍ന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താല്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ‘ഇറോസ് നൗ’ മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. നേരത്തെ ‘പി.എം നരേന്ദ്രമോദി’ എന്ന പേരില്‍ മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു.