Fri. Nov 22nd, 2024
#ദിനസരികള് 731

മാപ്ലയെന്നും കാക്കയെന്നും മറ്റുമാണ് ഞങ്ങളുടെ ചെറുപ്പത്തില്‍ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരെ വിളിക്കുക. ആ വിളിയില്‍ ഇക്കാലങ്ങളിലേതുപോലെ വര്‍ഗ്ഗീയതയുടെ വെറുപ്പിന്റെയോ ചുന ഒരു തരത്തിലും കലര്‍ന്നിരുന്നില്ലെന്നു മാത്രമല്ല, ആവോളം സ്നേഹമുണ്ടായിരുന്നു താനും. പോകെപ്പോകെ ആ സംബോധനയില്‍ സഭ്യമല്ലാത്തെ ഒരാക്ഷേപം കലര്‍ന്നുവെന്ന് തോന്നുകയും ആ വിളി കുറഞ്ഞു വരികയും ചെയ്തു.

അന്നത്തെ ചില കാക്കാമാരെ പരിചയപ്പെടുക

മൊയ്തുക്ക

മിക്ക ദിവസവും ഉച്ചയോടുകൂടിയാണ് വരുന്നത്. മത്തിക്കച്ചവടമാണ് തൊഴില്‍. തലയില്‍ ഒരു കുട്ട നിറയെ മത്തിയുണ്ടാകും. കൊട്ടയില്‍ നിന്നും ചോരുന്ന വെള്ളം ശരീരമാകെ മണം പരത്തുന്നുണ്ടാകും.

മത്തി.. മത്ത്യേയ് … എന്നാണ് ആളുകളെ അറിയിക്കാനായി വിളിക്കുക.

മടക്കിക്കുത്തിയ – മടക്കിക്കുത്ത് എന്ന് പറയാന്‍ പറ്റുമോ? വലിച്ചുകയറ്റി കെട്ടിവെച്ച – കള്ളിമുണ്ടും മുട്ടുകളോളമെത്തുന്ന നിക്കറും ഷര്‍ട്ടുമാണ് വേഷം. മീനിന്റെ ഗുണത്തെപ്പറ്റിയും ലഭ്യതക്കുറവിനെപ്പറ്റിയും വാണം വിട്ട പോലെ കുതിച്ചു കയറുന്ന വിലയെക്കുറിച്ചുമൊക്കെ ഉപന്യസിച്ചു കൊണ്ടായിരിക്കും കച്ചവടം നടത്തുക.

അടുത്തെത്തുന്ന പൂച്ചയ്ക്കും പട്ടിക്കുമൊക്കെ താരതമ്യേന മോശമെന്ന് തോന്നിക്കുന്ന മത്തി എറിഞ്ഞു കൊടുക്കും. ശരീരത്താകമാനം ഒലിച്ചിറങ്ങുന്ന മീന്‍‍വെള്ളം തുടച്ചുമാറ്റാനും മത്തിയെടുത്തുകൊടുത്തതിനു ശേഷം കൈ തുടച്ചു വൃത്തിയാക്കാനും ഒരേ തുണിതന്നെയാണ് ഉപയോഗിക്കുക. അതുകൊണ്ട് അസഹനീയമായ ഒരു മണം അദ്ദേഹത്തെ ചൂഴ്ന്നു നിന്നിരുന്നു.

അമ്മദിക്ക

ആള് രസികനാണ്.ചില ദിവസങ്ങളില്‍ കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി പിടിച്ച ഒരു പറ്റം കോഴികളെ കൈയ്യില്‍ തൂക്കിയാണ് വരിക. ചില ദിവസങ്ങളില്‍ ഒരു ഷര്‍ട്ടിട്ടുണ്ടാകും. അല്ലാത്തപ്പോഴൊക്കെ തലയിലൊരു കെട്ടും ഒരു ബനിയനുമായിരിക്കും വേഷം. ട്രൌസറിന്റെ ഒരു കീശ ഒട്ടധികം താഴോട്ട് വീണുകിടക്കുന്നത് കാഴ്ചക്കാരില്‍ രസകരമായ അഭിപ്രായങ്ങളുണ്ടാക്കും. വര്‍ത്തമാനപ്രിയനാണ്. കോഴി, ആട്, വാഴക്കുല, ചേന, ചേമ്പ് ഇത്യാദി എന്തു സാധനങ്ങളും വാങ്ങും വില്ക്കും. അപ്പുറത്തു നിന്നും വാങ്ങി ഇപ്പുറത്തു കച്ചവടം ചെയ്യും. ലാഭമായി കിട്ടുന്നതു മതി. കൈയ്യിലൊരു വെള്ളിക്കോലുണ്ടാകും. അതിലാണ് തൂക്കം പിടിക്കുക. ഓരോന്നും തൂക്കുമ്പോഴും മുറപോലെ “ഞങ്ങള് കാക്കാമാര്‍ക്ക് തൂക്കത്തിന് പറ്റിച്ചു കൂടാ“ എന്നു പറയുന്നുമുണ്ടാകും. നാട്ടിലെ സകല വിശേഷങ്ങളിലും അദ്ദേഹത്തിന് അഭിപ്രായം പറയാനുണ്ടാകും. കേട്ടു നിന്നാല്‍ മതി, വലിയ സന്തോഷമാകും.

മൊയ്തു:

ആക്രിമൊയ്തു എന്നാണ് വിളിക്കുക. നോട്ടുപുസ്തകങ്ങളും പഴയ പത്രമാസികളും ഓട്ടു പാത്രങ്ങളും അലൂമിനിയം പാത്രങ്ങളുമടക്കമുള്ള പാഴ് വസ്തുക്കള്‍ തേടിയാണ് വരിക. ചിലപ്പോഴൊക്കെ ബാര്‍ട്ടര്‍ സിസ്റ്റവും നടപ്പിലാക്കും. പക്ഷേ അങ്ങോട്ടെടുക്കുന്നതിനൊക്കെ വിലക്കുറവും ഇങ്ങോട്ടു വാങ്ങുന്നതിനൊക്കെ പൊന്നും വിലയുമായിരിക്കും. പഴയ ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ പലപ്പോഴും അദ്ദേഹമാണ് വിശാലമ മനസ്സോടെ സംഭാവന ചെയ്യുക. രണ്ടു ദിവസം കഴിയുമ്പോള്‍ വരും. വായിച്ചിട്ടു തിരിച്ചു കൊടുക്കണം. തിരിച്ചു കൊടുക്കുന്നതിന്റെ കൂടെ പഴയ എന്തെങ്കിലും കൂടി സംഘടിപ്പിച്ചുകൊടുക്കണം, ബാലമാസികകള്‍ വായിക്കാന്‍ തന്നതിന്റെ നന്ദി പ്രകടനമെന്ന പോലെ. എന്തായാലും വൈകുന്നേരമാകുമ്പോഴേക്കും അയാളുടെ ചാക്കിലും തലയിലും എടുത്താല്‍ പൊന്താത്ത ഭാരമായിട്ടുണ്ടാകും.

കോയ

പരിപാടി മരക്കച്ചവടമാണ്. വട്ടമുതല്‍ വെന്തേക്കു വരെയുള്ള എന്തുമരവും വാങ്ങും. ഉരുപ്പടികള്‍ ആവശ്യമുള്ളവര്‍ക്ക് അങ്ങനേയും കച്ചവടം ചെയ്യും. മരംതന്നെ കച്ചവടം ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കിട്ടിയാല്‍ നല്ലത്. അത്രയേയുള്ളു. എന്തു കച്ചവടവും ചെയ്യും. ഇനി കോഴിയാണോ അതിനും റഡി , വാഴക്കുലയാണോ എന്നാലും മതി. വൈകുന്നേരമാകുമ്പോഴേക്കും എങ്ങനെയെങ്കിലും പത്തുകായുണ്ടാക്കണം. അതുമാത്രമാണ് ഉന്നം.

കറപ്പത്തോല്, പൊള്ളുമുളക് , കാന്താരി അങ്ങനെ എന്തും ലഭ്യത പോലെ ഇക്കൂട്ടര്‍ കച്ചവടം ചെയ്യും. മത്സ്യം തീര്‍ന്നു കഴിഞ്ഞാല്‍ തിരിച്ചു പോക്കിനിടയില്‍ കോഴിയും വാഴക്കുലയും ചേനയും ചേമ്പുമൊക്കെ അങ്ങാടിയില്‍ കൊണ്ടു പോയി വില്ക്കുന്നതിനു വേണ്ടി ആളുകളില്‍ നിന്നും വിലയ്ക്കുവാങ്ങി കൊട്ടയിലിട്ടിരിക്കുന്നതുകാണാം. എന്തായാലും തിരിച്ചു നടക്കണം. എന്നാല്‍പ്പിന്നെ ഒരു ഗുണവുമായിക്കോട്ടെ എന്നാണ് ഭാവം.

മറ്റു സമുദായത്തില്‍ പെട്ടവരെയൊന്നും ഈ തരത്തില്‍ കച്ചവടം ചെയ്യുന്നവരായി ഞാന്‍ കണ്ടിട്ടില്ല. എന്നാലോ കാക്കയല്ലേ എന്തു കച്ചവടം ചെയ്യാനും ഒരു മടിയുമില്ല എന്ന തലത്തില്‍ പകുതി പുകഴ്ത്തലും പകുതി ഇകഴ്ത്തലുമായി അഭിപ്രായം പറയാന്‍ എല്ലാ സമുദായത്തിലും പെട്ടവരുണ്ടാകും.

കുട്ടികളടക്കം ചെറുപ്പത്തില്‍ത്തന്നെ കച്ചവടത്തിലൊരു കണ്ണു വെയ്ക്കും. പത്തുപതിനഞ്ചു വയസ്സാകുമ്പോഴേക്കും വിദ്യാഭ്യാസമൊക്കെ രണ്ടാം സ്ഥാനത്തേക്കു തള്ളി മാറ്റി അവന്‍ തെരുവിലേക്ക് ഇറങ്ങും. സ്വന്തമായി അധ്വാനിച്ച് എന്തെങ്കിലും ഉണ്ടാക്കിയില്ലെങ്കില്‍ ആ പ്രായത്തില്‍ കുറച്ചിലാണ്. അത്ര ചെറുതിലേ ഹിന്ദുക്കളിലോ കൃസ്ത്യാനികളിലോ ഈ തരത്തിലൊരു സമീപനം കണ്ടിട്ടില്ല.

കാലം പോകെ മുസ്ലിം സമുദായത്തിനിടയില്‍ ഗള്‍ഫുകാര്‍ വര്‍ദ്ധിച്ചു വന്നു. മരുഭൂമിയിൽ പോയിക്കിടന്ന് അധ്വാനിച്ച് എല്ല് വെള്ളമാക്കി അവന്‍ നാലുകാശ് വീട്ടിലേക്കയക്കാന്‍ തുടങ്ങി. വീട്ടുകാരാകട്ടെ ആ കാശ് വളരെ ശ്രദ്ധയോടെയാണ് വിനിയോഗിക്കാറുള്ളത്. പാഴാക്കിക്കളയാതെ എന്നാല്‍ കച്ചവടത്തിന് മുതലിറക്കാന്‍ ഒരു മടിയിലുമില്ലാതെയാണ് അവരുടെ പോക്ക്. കച്ചവടത്തിലെ ലാഭവും നഷ്ടവും അവര്‍‌ക്കൊരു ഹരമാണ്. ഇന്നു പോയാല്‍ നാളെ കിട്ടും എന്നു ചിന്തിക്കുന്ന ചീട്ടുകളിക്കാരെ പോലെയാണ് അവരുടെ മനസ്സ് എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടുകൂട്ടരും അവരവരുടെ വ്യാപാരങ്ങളില്‍ നിന്നും പിന്‍മാറാറില്ലല്ലോ!

ഇനി മറ്റു സമുദായക്കാരെക്കൂടി പരിശോധിക്കുക. അവരാകട്ടെ ഇത്തരം “തരംതാണ” കച്ചവടമൊന്നും ചെയ്യാറില്ല. എല്ലായ്പോഴും ആഡ്യത്തം ഒരു അലങ്കാരമായി അക്കൂട്ടര്‍ കൊണ്ടു നടന്നു. കോഴിപിടുത്തവും വേസ്റ്റു പെറുക്കലുമൊന്നും തങ്ങള്‍ക്ക് പറ്റില്ലെന്ന് അവര്‍‌ മേനി നടിച്ചു.

താവഴികളിലെവിടെയെങ്കിലും രാജാവിനു കീഴില്‍ മുഖ്യകാര്യസ്ഥനായി പണിയെടുത്ത “നാണുമുത്തശ്ശ”ന്റെ കാലത്തെ പ്രതാപങ്ങളെ അനുസ്മരിച്ചുകൊണ്ട് സുകൃതക്ഷയത്തില്‍ മനം നൊന്ത് വിഷണ്ണരായി കഴിഞ്ഞു കൂടി. മെയ്യനങ്ങാതെ പാട്ടവും വാരവും പ്രതീക്ഷിച്ച് അവര്‍ ദിവസങ്ങളെണ്ണി കൃസ്ത്യാനികളെ സംബന്ധിച്ച് പക്ഷേ അവര്‍ മണ്ണില്‍ അധ്വാനിക്കുമായിരുന്നു. മുസ്ലീങ്ങളെപ്പോലെ കച്ചവടത്തിനൊന്നും മുതിര്‍ന്നില്ലെങ്കിലും വിയര്‍പ്പു തോരാത്ത വിധത്തില്‍ സ്വന്തം മണ്ണില്‍ അധ്വാനിക്കാന്‍ അവര്‍ക്കു മടിയേതുമുണ്ടായിരുന്നില്ല.

അന്ന് നാട്ടിലാകെ വിയര്‍‌ത്തൊലിച്ച് വിയര്‍പ്പു മണപ്പിച്ച് നടന്ന മുസ്ലിംമതവിഭാഗത്തില്‍ പെട്ടവര്‍ തങ്ങളുടെ അധ്വാനം കൊണ്ടുതന്നെ നല്ല സാമ്പത്തിക സ്ഥിതിയിലെത്തി. ഗള്‍ഫ് അതിന് അവരെ ഏറെ സഹായിച്ചു. നാട്ടില്‍ നല്ല മനോഹരമായ വീടുകള്‍ പണിതു. വാഹനങ്ങള്‍ വാങ്ങി. സ്ഥലങ്ങള്‍ സ്വന്തമാക്കി. തങ്ങള്‍ക്ക് കിട്ടാതെപോയെ വിദ്യാഭ്യാസം തങ്ങളുടെ കുട്ടികള്‍ക്ക് പകര്‍ന്നു നല്കുവാന്‍ പലരും അത്യുത്സാഹം കാണിച്ചു.

സാമ്പത്തികശേഷിയില്ലാതെ പഠനം അവസാനിപ്പിക്കേണ്ട ഗതികേട് ഇല്ലാതെയായി. അവരുടെ കൂട്ടത്തില്‍ നിന്നും ഡോക്ടര്‍മാരും എഞ്ചിനീയര്‍‌മാരുമടക്കമുള്ളവര്‍ ധാരാളമായി ഉണ്ടായി വന്നു. എഴുത്തുകാരുണ്ടായി. സാംസ്കാരിക പ്രവര്‍ത്തകരുണ്ടായി. വിശ്രമത്തിനും വിനോദത്തിനുമുള്ള അവസരങ്ങളുണ്ടായി.
അപ്പോഴും ആഡ്യത്തവും നാണക്കേടും പറഞ്ഞിരുന്ന കൂട്ടര്‍ ഇപ്പോഴും അതേ പടവില്‍ തന്നെ കടവിറങ്ങിക്കൊണ്ടേയിരുന്നു.

സുകൃതക്ഷയത്തേയും സ്വത്തുവകകള്‍ കളഞ്ഞു കുളിച്ച പിതാക്കന്മാരെയും കുറ്റപ്പെടുത്തി അവര്‍ ജീവിച്ചു പോന്നു. പക്ഷേ അവിടംകൊണ്ടും അവസാനിച്ചില്ല. താരതമ്യേന നല്ല രീതിയില്‍ ജീവിച്ചു പോരുന്ന ഇതര സമുദായക്കാരോട് സ്വാഭാവികമായും അസൂയ കലര്‍ന്ന സമീപനമുണ്ടായി. പണ്ട് മീന്‍ വിറ്റും കോഴിപിടിച്ചും നടന്നവരുടെ മക്കള്‍ ഇന്ന് നല്ല നിലയില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയത് സ്വാഭാവികമായിരുന്നു.

അത്തരത്തിലുള്ള ചിന്ത പൊതുവേ പലരിലും വന്നതോടെ വളരെ എളുപ്പത്തില്‍ വര്‍ഗ്ഗീയതയേയും അന്യമത വിദ്വേഷത്തേയും വ്യാപിപ്പിക്കുവാന്‍ ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ക്ക് കഴിഞ്ഞു. ഒരു സമുദായമെന്ന നിലയില്‍ പൊതുവേ മുസ്ലിംങ്ങള്‍ നേടിയെടുത്ത സാമ്പത്തികശേഷി, നമ്മുടെ നാട്ടിലെ വര്‍ഗ്ഗീയതയുടെ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടു. കോണകം തോരാതെ പണിയെടുത്തതിന്റെ ഫലമാണ് ഇന്ന് അവര്‍ അനുഭവിക്കുന്ന സൌഭാഗ്യങ്ങളെന്ന കാര്യം ബോധപൂര്‍വ്വം അവര്‍ വിസ്മരിച്ചു. പകരം തങ്ങളുടെ അവസരങ്ങളെ തട്ടിയെടുക്കുന്നവരായി കരുതാന്‍ തുടങ്ങി. കേരളത്തില്‍ വര്‍ഗ്ഗീയത വേരുപിടിപ്പിക്കാന്‍ ഹിന്ദുത്വവാദികള്‍ ഉപയോഗിച്ച ആയുധങ്ങളില്‍ മറ്റനവധി ഘടകങ്ങളോടൊപ്പം ഒട്ടും പ്രാധാന്യം കുറയാത്ത ഒന്ന് സ്വന്തം അധ്വാന ശേഷിയിലൂടെ മുസ്ലിം വിഭാഗം നേടിയെടുത്ത ജീവിതനിലവാരത്തിനുമുണ്ട് എന്ന കാര്യം സാമൂഹിക ചിന്തകന്മാര്‍ പരിഗണിക്കേണ്ടതുതന്നെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *