തിരുവനന്തപുരം:
കേരളത്തിലെത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകര്‍ ഹിറ്റ് ആവുന്നത് മിക്കവാറും ട്രോളുകളിലൂടെയായിരിക്കും. എന്നാല്‍ ജ്യോതി വിജയകുമാര്‍ എന്ന 39കാരി പ്രഗത്ഭരായ പരിഭാഷകരെ പോലും അതിശയിപ്പിക്കും വിധം രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് കൈയ്യടി നേടിയിരിക്കുകയാണ്. ആശയങ്ങള്‍ ഒട്ടും ചോരാതെ രാഹുല്‍ ഗാന്ധിയുടെ അതേ ഊര്‍ജവും വികാരവും ഉള്‍ക്കൊണ്ടാണ് ജ്യോതി ഓരോ വരിയും വിവര്‍ത്തനം ചെയ്തത്. രാഹുല്‍ ഗാന്ധിയുടെ ശബ്ദ വ്യതിയാനം പോലും ജനങ്ങളിലേക്കെത്തിക്കാന്‍ ജ്യോതി ശ്രദ്ധിച്ചിരുന്നു.
ജ്യോതി രാധിക വിജയകുമാര്‍ അഭിഭാഷകയും, തിരുവനന്തപുരം കേരള സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അധ്യാപികയുമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഡി.വിജയകുമാറിന്റെ മകളാണ് ജ്യോതി രാധിക വിജയ കുമാര്‍. തനിക്ക് ഹിന്ദിയും, ഇംഗ്ലീഷും, മലയാളവും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രശംസകള്‍ക്കു ജ്യോതി ചിരിച്ചു കൊണ്ട് പ്രതികരിക്കുന്നത്.
2011 മുതല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാക്കള്‍ക്ക് വേണ്ടി പ്രസംഗം പരിഭാഷകള്‍ ചെയ്തിട്ടുണ്ട്. 2016-ല്‍ സോണിയ ഗാന്ധിക്ക് വേണ്ടിയും ഇതിന് മുന്‍പ് രാഹുല്‍ പങ്കെടുത്ത മത്സ്യ തൊഴിലാളി സംഗമത്തിലും പ്രസംഗം പരിഭാഷ ചെയ്തത് ജ്യോതിയാണ്. എന്നാല്‍ രാഷ്ട്രീയം തന്റെ വഴിയല്ലെന്നും പരിഭാഷ തനിക്ക് ഏറെ ഇഷ്ടമാണെന്നും ജ്യോതി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ എല്ലാം തന്നെ കേൾക്കാറുണ്ടെന്നും രാഹുലിന്റെ ആശയങ്ങള്‍ വ്യക്തിപരമായി തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അതുകൊണ്ടു ആശയങ്ങള്‍ പരമാവധി ആളുകളിലേക്കെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് ജ്യോതി പറയുന്നത്.
രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പ്രസംഗം പരിഭാഷ ചെയ്ത പി.ജെ കുര്യൻ വന്‍ പരാജയമായിരുന്നു. ശബ്ദാരവങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പൂര്‍ണമായി കേള്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ലെന്നാണ് ഇതിന് കാരണം പറയുന്നത്. പക്ഷേ രാഹുല്‍ സംയമനം പാലിച്ചു അവസാനം വരെ അദ്ദേഹത്തിന് വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തിയപ്പോള്‍ പ്രസംഗം തെറ്റായ രീതിയിൽ പരിഭാഷ ചെയ്ത് കെ. സുരേന്ദ്രനും നാണം കെട്ടിരുന്നു. അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സസൂക്ഷ്മം കേട്ട് തത്സമയം ആശയങ്ങളും ഊര്‍ജ്ജവും ചോരാതെ പരിഭാഷ ചെയ്ത് ജ്യോതി ജനങ്ങളുടെ കയ്യടി നേടിയിരിക്കുന്നത്.