Tue. Apr 16th, 2024

സില്‍ച്ചാര്‍ (ആസാം) :
17-ാം ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ‘ഗോ ബാക്ക് ‘ മുദ്രവാക്യമുയര്‍ത്തി അടച്ചുപൂട്ടിയ പേപ്പര്‍ മില്‍ കമ്പനിയിലെ തൊഴിലാളികള്‍. അസ്സമില്‍ ബംഗാളി ഹിന്ദുക്കള്‍ക്ക് മേല്‍ക്കോയ്മയുള്ള സില്‍ച്ചാര്‍ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തിയത്. ഏപ്രില്‍ 18-നാണ് ആസ്സമിലെ ഡിഫു(സ്വയം ഭരണ ജില്ല) അടക്കമുള്ള മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. ഈ വര്‍ഷം ഭരണം തിരിച്ചു പിടിച്ചാല്‍ പാര്‍ട്ടി പ്രകടന പത്രികയിലുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്തു തീര്‍ക്കുമെന്നും പൗരത്വ ഭേദഗതി ബില്ല് ആസാം പ്രദേശവാസികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ റാലി നടക്കുന്നിടത്തേക്ക് നാല് കിലോ മീറ്റര്‍ അകലെ നിന്നും മോദി ഗോ ബാക്ക് വിളിച്ച് പേപ്പര്‍ മില്ല് തൊഴിലാളികള്‍ പ്രതിഷേധിച്ചു റാലിയിലേക്ക് വന്നു. ‘മോദി കള്ളനും ചതിയനുമാണെന്നാണ്’ അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയുമായാണ് അവര്‍ എത്തിയത്. പ്രകടന പത്രികയിലെ യാതൊന്നും നടപ്പാക്കാന്‍ ബി.ജെ.പി ക്കു സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.

2015-ല്‍ അടച്ചുപൂട്ടിയ കച്ചാര്‍ പേപ്പര്‍ മില്ലിലെയും, 2017-ല്‍ അടച്ചു പൂട്ടിയ നാഗോണ്‍ പേപ്പര്‍ മില്ലിലെയും തൊഴിലാളികളാണിവര്‍. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.പി.സി.എല്‍ (ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) നു കീഴിലുള്ള യൂണിറ്റുകളാണിവ. കോടികളുടെ കടബാധ്യത ആരോപിച്ചാണ് ഈ രണ്ടു മില്ലുകളും പൂട്ടിയത്. ഇതോടെ അസ്സമിലെ 2 ലക്ഷത്തോളം തൊഴിലാളികളാണ് വഴിയാധാരമായത്.

2015 ഓഗസ്റ്റിലാണ് കച്ചാറിലെ പേപ്പര്‍ മില്ല് അടച്ചുപൂട്ടുന്നത്. തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇത് മുഖ്യ അജണ്ടയായി എടുക്കുകയും തൊഴിലാളികളുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ 2016-ല്‍ അസ്സമില്‍ ബി.ജെ.പി. അധികാരത്തിലെത്തി. എന്നാല്‍ 2015-ല്‍ അടച്ചു പൂട്ടിയ മില്ല് തുറക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല യാതൊരു മുന്നറിയിപ്പും കൂടാതെ 2017-ല്‍ നാഗോണ്‍ യൂണിറ്റും അടച്ചു പൂട്ടുകയായിരുന്നു. തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് അസ്സമിലെ വലിയൊരു വിഭാഗം ജനത നേരിട്ട് കൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും. 27 മാസത്തെ ശമ്പളം കുടിശ്ശികയായി കിടക്കുകയാണ്. നൂറു കോടി രൂപയുടെ വസ്തുകളാണ് മുന്നറിയിപ്പിലാതെ കമ്പനി അടച്ചു പൂട്ടിയതോടെ ഉപയോഗ ശൂന്യമായത്.

53 തൊഴിലാളികളാണ് ഇത് വരെ ആത്മഹത്യയായും ചികിത്സയ്ക്കു പണം കണ്ടെത്താനാകതെ മരണപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല കുടുംബങ്ങളിലെയും കുട്ടികള്‍ വിദ്യാഭ്യാസം പോലും വേണ്ടെന്നു വെച്ച് നിത്യ വേതന ജോലികള്‍ക്ക് പോകാന്‍ നിര്‍ബന്ധിതരായി. ഇതിനെതിരേ പല തരത്തിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയ തൊഴിലാളികളെ ലാത്തിചാര്‍ജ്ജ് കൊണ്ട് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടത്. മില്ലുകള്‍ തുറക്കാനുള്ള ചര്‍ച്ചക്കു പോലും തയ്യാറായില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.

മില്ല് തുറക്കാമെന്ന വാഗ്ദ്ധാനവുമായി ആസ്സാമിൽ ഭരണത്തിലെത്തിയ ബി.ജെ.പി സര്‍ക്കാറുമായി തൊഴിലാളികള്‍ ആറ് തവണയോളം കൂടികാഴ്ച്ച നടത്തിയെങ്കിലും വാഗ്ദ്ധാനങ്ങള്‍ക്കപ്പുറം ഒന്നും നടന്നില്ല. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും, കേന്ദ്ര സഹ മന്ത്രി ജിതേന്ദ്ര സിങുമായും തൊഴിലാളികള്‍ കൂടികാഴ്ച നടത്തിയിരുന്നെങ്കിലും ചർച്ച പരാജപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് രാംനാഥ് ഗോവിന്ദുമായി നേരിട്ട് ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന  സര്‍ക്കാറുകളെ വിളിച്ച് വരുത്തി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശികയിലേക്ക് 90 കോടി നല്‍കാന്‍ തീരുമാനമായി. എന്നാല്‍ മോദി സര്‍ക്കാര്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇത് തടഞ്ഞു വെച്ചിരിക്കുകയാണ്.

എന്നാല്‍ ഇതേ സമയം കടബാധ്യതയെ ചൊല്ലി എച്ച്.പി.സി.എല്ലിന്റെ രണ്ട് യൂണിറ്റുകളും സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു. ശമ്പളമില്ലാതെ വോട്ടില്ലെന്ന നിലപാടിലാണ് രണ്ട് ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍. നേരത്തെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും ഇവര്‍ ബഹിഷ്കരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *