ന്യൂഡെൽഹി :
മുസ്ലീം പള്ളികളിലെ സ്ത്രീ വിലക്കിനെതിരെ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. പൂനെയിലെ മുഹമ്മദീയ ജുമാ മസ്‌ജിദിലെ സ്ത്രീ പ്രവേശന വിലക്ക് ചോദ്യം ചെയ്ത് പൂനെ സ്വദേശികളായ മുസ്ലിം ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. കേന്ദ്ര സർക്കാരിന് പുറമെ വഖഫ് ബോർഡിനും മുസ്ലീം വ്യക്തിനിയമ ബോർഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി. മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി. പള്ളികളിലായാലും അമ്പലത്തിലായാലും വ്യക്തികളുടെ മൗലികാവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകുമോയെന്ന് ബഞ്ച് ചോദിച്ചു. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങൾക്കെതിരെ ഭരണഘടനയുടെ പതിന്നാലാം അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു.
തുല്യതാ അവകാശം ഈ വിഷയത്തിൽ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടന്ന് പറഞ്ഞ കോടതി, തുല്യരായി പരിഗണിക്കണമെന്ന് മറ്റൊരാളോട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ എന്ന് ചോദിച്ചു. ഒരു രാഷ്ട്രം എല്ലാ പൗരന്മാരേയും തുല്യരായി കാണേണ്ടതുണ്ട്. തുല്യതയ്ക്കുള്ള അവകാശം രാഷ്ട്രത്തിന് നിഷേധിക്കാനാവില്ല. എന്നാൽ മുസ്ലിം പള്ളിയോ , ക്ഷേത്രമോ, ക്രിസ്ത്യൻ പള്ളിയോ ഒരു രാഷ്ടമാണോ എന്ന് ചോദിച്ച കോടതി ഒരാൾ അയാളുടെ വീട്ടിൽ നിങ്ങളെ പ്രവേശിപ്പിക്കാതിരുന്നാൽ പോലീസ് ഇടപെടൽ സാധ്യമാണോ എന്നും ചോദിച്ചു.
സ്ത്രീകളെ പള്ളിയില്‍ വിലക്കുന്നത് ഭരണഘടനാവിരുദ്ധമായ തീരുമാനമാണെന്ന് ഹർജിക്കാരായ യാസ്മീന്‍- സുബൈര്‍ അഹമ്മദ് പീര്‍സാദെ ദമ്പതികള്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും വ്യക്തസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റവുമാണ് ഇതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. പള്ളികളില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന തരത്തില്‍ ഖുറാനില്‍ പാരാമര്‍ശങ്ങളൊന്നുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മക്കയിലെ ഹറം പള്ളിയില്‍ ലോകത്തിലെ എല്ലാ ഭാഗത്തുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാനും പ്രാർത്ഥിക്കാനും സാധിക്കും. പുരുഷന്‍മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും അവരുടെ വിശ്വസമനുസരിച്ച് പ്രാർത്ഥിക്കാനും ആരാധന നടത്താനുമുള്ള അവകാശം ഭരണഘടന ഉറപ്പാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇന്ന് സുപ്രീം കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ തന്നെ അതിനെ എതിർത്തുകൊണ്ടുള്ള ആദ്യ പ്രതികരണം വന്നത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിന്നായിരുന്നു. വിശ്വാസത്തിൽ കോടതി ഇടപെടേണ്ടതില്ലെന്നും സ്ത്രീകളുടെ പ്രാർത്ഥന വീട്ടിൽ മതിയെന്നും സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ പ്രതികരണം.
എന്നാൽ ഭരണഘടന തങ്ങൾക്കു നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു, മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ “നിസ” പ്രതികരിച്ചത്.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാം മതവിശ്വാസികളും സുന്നികളാണ്. നിലവിൽ സുന്നി വിഭാഗങ്ങളാണ് സ്ത്രീകളുടെ പള്ളി പ്രവേശനത്തെ വിലക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനങ്ങളും സത്രീകൾക്ക് പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിന് അനുമതി നൽകുന്നുണ്ട്.