Fri. Nov 22nd, 2024
മുംബൈ:

സൗത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംഘര്‍ഷം. മുംബൈയിലെ ബോറിവലി സ്റ്റേഷനു പുറത്ത് നടന്ന ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ മോദിക്ക് മുദ്രാവാക്യം വിളിച്ചെത്തിയതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.

ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടിയതോടെ പൊലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ഊര്‍മിള. പരാതിയ്ക്ക് പിന്നാലെ ഊര്‍മിളയ്ക്ക് പൊലീസ് സംരക്ഷണം അനുവദിച്ചു നല്‍കി. ബി.ജെ.പി പ്രവര്‍ത്തകര്‍ അശ്ലീല നൃത്തം ചവിട്ടുകയും മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും കാണിച്ച് ഊര്‍മിള പൊലീസില്‍ പരാതി നല്‍കി.

കോണ്‍ഗ്രസ് സമാധാനപരമായിട്ടാണ് പ്രചാരണം നയിച്ചത്. എന്നാല്‍ മുദ്രാവാക്യ വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ പ്രതികരിക്കാതെ നിന്നപ്പോള്‍ അവര്‍ അസഭ്യം പറയാന്‍ ആരംഭിച്ചു. ഇതിനുശേഷമാണ് സംഘര്‍ഷം ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ മുംബൈയില്‍ അനുവദിക്കില്ലെന്നും ഊര്‍മിള പറഞ്ഞു.

ബി.ജെ.പി.ക്കാര്‍ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഊര്‍മിള മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ ഒരു തുടക്കം മാത്രമാണെന്ന് താന്‍ കരുതുന്നു. ബി.ജെ.പി അനുകൂലികള്‍ ഇത്തരത്തില്‍ അക്രമാസക്തരായാല്‍ തന്റെ ജീവന്‍ പോലും അപകടത്തിലാകുമെന്ന ആശങ്കയുണ്ട്. തന്റെ റാലിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് സാധാരണ ജനങ്ങളല്ല. ബി.ജെ.പിക്കാര്‍ തന്നെയാണ്. സാധാരണക്കാര്‍ ഇത്തരത്തില്‍ അക്രമം കാട്ടുമെന്ന് കരുതുന്നില്ല. അവര്‍ മോശമായ ഭാഷയിലാണ് സംസാരിച്ചത്. തന്റെയൊപ്പമുള്ള സ്ത്രീകള്‍ അടക്കമുള്ളവരെ ഭയപ്പെടുത്താനാണ് അവര്‍ ശ്രമിച്ചതെന്നും ഊര്‍മിള ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. തന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഒപ്പമുള്ള വനിതാ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസമാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കണമെന്ന് ദീര്‍ഘകാലമായി ആഗ്രഹിക്കുന്നുവെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. സിറ്റിംഗ് എം.പിയായ ബി.ജെ.പി.യിലെ ഗോപാല്‍ ഷെട്ടിയ്‌ക്കെതിരെയാണ് സൗത്ത് മുംബൈയില്‍ നിന്ന് ഊര്‍മിള ജനവിധി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *