Thu. Jan 23rd, 2025
കല്‍പ്പറ്റ:

മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളായ തുഷാര്‍ വെള്ളാപ്പള്ളിക്കും, പി.പി.സുനീറിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. എന്നാല്‍ തനി്ക്ക് ഭീഷണിയൊന്നുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി. സുനീര്‍ വ്യക്തമാക്കി. കൂടുതല്‍ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി സംസ്ഥാനസര്‍ക്കാരിന് കത്ത് നല്‍കി. തന്നെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴുള്ള സുരക്ഷ പോര. അതിനാല്‍ കൂടുതല്‍ സുരക്ഷ നല്‍കണമെന്നാവശ്യപെട്ടാണ് തുഷാര്‍ കത്ത് നല്‍കിയത്.

വയനാട്ടിലെ എല്‍.ഡി.എഫ്-എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.

സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.പി. സുനീറിനും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും ഉടനെ പേഴ്‌സണല്‍ ഗണ്‍മാന്‍മാരെ നിയമിക്കും. ഇതോടൊപ്പം വനാതിര്‍ത്തികളിലെ പ്രചാരണത്തിന് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ജില്ലയില്‍ സജീവമായതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പലയിടത്തും പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാവോയിസ്റ്റ് മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതിനിടയിലാണ് സ്ഥാനാര്‍ത്ഥികളെ മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *