ന്യൂഡൽഹി:
റഫാൽ കരാറിന്റെ പേരിൽ വിവാദത്തിലായ വ്യവസായി അനിൽ അംബാനിയുടെ ഫ്രാൻസിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള “റിലയന്‍സ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാന്‍സ്” എന്ന കമ്പനിയ്ക്ക് 143.7 ദശലക്ഷം യൂറോയുടെ നികുതി ഫ്രഞ്ച് സർക്കാർ ഇളവ് ചെയ്തതായി റിപ്പോർട്ട്. ഫ്രഞ്ച് പത്രം ’ലെ മോണ്ഡേ’ ആണ് ഇതുസംബന്ധിച്ച വിവരം റിപ്പാർട്ട് ചെയ്തത്. ഇന്ത്യ 36 റഫാൽ വിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്രഞ്ച് സർക്കാർ അനിലിന്റെ ഫ്രാൻസിലുള്ള കമ്പനിയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചത്.
അനിൽ അംബാനിയുടെ ഫ്രഞ്ച് കമ്പനി 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണകളായി നികുതി വെട്ടിപ്പ് നടത്തിയെന്ന പേരില്‍ അന്വേഷണം നേരിട്ടിരുന്നു. ഫ്രാന്‍സില്‍ അനില്‍ അംബാനിയുടെ കമ്പനി അന്വേഷണം നേരിടുന്ന സമയത്താണ് റഫാല്‍ ഇടപാട് നടന്നതെന്നും ഫ്രഞ്ച് പത്രം വ്യക്തമാക്കുന്നു.
151 മില്യണ്‍ യൂറോയാണ് അനിൽ അംബാനിയുടെ കമ്പനി ഫ്രാൻസിൽ നികുതി കുടിശ്ശികയായി അടക്കാൻ ഉണ്ടായിരുന്നത്. എന്നാൽ റഫാൽ ഇടപാടിനു പിന്നാലെ ഫ്രാൻസ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നൽകിയതായാണ് റിപ്പോർട്ട്. ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 7.3 മില്യണ്‍ യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാൻ അവസരം നൽകിയെന്നാണ് ’ലെ മോണ്ഡേ’ അവരുടെ റിപ്പോർട്ടിൽ പറയുന്നത്.
റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. യുദ്ധവിമാനങ്ങൾ നിർമ്മിച്ച് പരിചയമില്ലാത്ത കമ്പനിക്കു പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡിനെ മറികടന്നു കരാർ നൽകിയതിൽ പ്രതിപക്ഷ കക്ഷികൾ അഴിമതി ആരോപണം ഉയർത്തിയിരുന്നു. ഇപ്പോൾ അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ വൻ നികുതി ഇളവ് നൽകിയെന്ന റിപ്പോർട്ടിന് സ്ഥിരീകരണം ഉണ്ടായാൽ വിവാദ ഇടപാടിൽ അനിലിന്റെ പങ്കിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരും. ഇത് ഫ്രഞ്ച് സർക്കാരിനും, മോദി സർക്കാരിനും ഒരു പോലെ തലവേദന സൃഷ്ടിക്കും.