Thu. Apr 25th, 2024
ബെംഗളൂരു:

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ‘ദുരൂഹമായ പെട്ടി’ എത്തിച്ച് സ്വകാര്യ ഇന്നോവയിലേക്ക് മാറ്റിയത് വിവാദമാകുന്നു. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ ബി.ജെ.പി പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

ഹെലികോപ്റ്ററിൽ ഇറക്കിയ പെട്ടി പിന്നീട് വളരെ തിരക്കിട്ട് അവിടെ പാർക്ക് ചെയ്ത സ്വകാര്യ ഇനോവയിൽ കയറ്റി വേഗത്തിൽ ഓടിച്ചുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. സെക്യൂരിറ്റി പ്രോട്ടോക്കോളിനെ മറികടന്ന് ആ പെട്ടിയിൽ എന്തായിരുന്നു ഉണ്ടായിരുന്നത്? എന്തു കൊണ്ട് ആ ഇന്നോവ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തിയില്ല? യാതൊരു വിധ സുരക്ഷാ പരിശോധനകളുമില്ലാതെ പ്രധാനമന്ത്രിയുടെ വാഹനത്തില്‍ നിന്നും പെട്ടി പുറത്തുള്ള ഇന്നോവയിലേക്ക് മാറ്റുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണുന്നില്ലേ? എന്നീ ചോദ്യങ്ങളോടെയാണ് കർണാടകയിലെ യുവ കോൺഗ്രസ് നേതാവ് ശ്രീവാസ്തവ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വിവിധ സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിക്കുന്നത്. പെട്ടിയിൽ കള്ളപ്പണം ആണോ എന്ന രീതിയിലും വീഡിയോയ്ക്ക് താഴെ ആളുകൾ പ്രതികരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് ജനതാദള്‍ സെക്കുലര്‍ വീഡിയോ ദൃശ്യങ്ങൾ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. എച്ച്.ഡി കുമാരസ്വാമിയുടെ വാഹനം പലതവണ പരിശോധിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് കൊണ്ട് നരേന്ദ്ര മോദിയുടെ ഹെലികോപ്പ്റ്ററില്‍ നിന്നുള്ള പെട്ടി ഒരുവിധ പരിശോധനകളുമില്ലാതെ പുറത്തേക്ക് കടത്തിയെന്നാണ് ജനതാദൾ ട്വിറ്ററില്‍ ആരോപിക്കുന്നത്.

എന്നാൽ എസ്.പി.ജി യാണ് പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യങ്ങളും, വാഹനത്തിലുള്ള സാമഗ്രികളും കൈകാര്യം ചെയ്യുന്നതെന്നാണ് കർണ്ണാടക പോലീസ് ഈ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രതികരിച്ചത്. ഈ വിവാദത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *