മുംബൈ:
വരുന്ന മെയ് മാസം നടക്കാനിരിക്കുന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ബി.സി.സി.ഐയുടെ ചെലവിൽ കാണുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍, ബി.സി.സി.ഐ ചെയർമാൻ വിനോദ് റായിയും ഇടക്കാല ഭരണസമിതിയിലെ മറ്റംഗങ്ങളും തീരുമാനിച്ചു. വിനോദ് റായിക്ക് പുറമെ, സമിതി അംഗങ്ങളായ ഡയാന എഡുൽജി, രവി തോഡ്ജേ , ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി എന്നിവര്‍ക്കാണ് യാത്രാനുമതി. തിങ്കളാഴ്ച ഇവര്‍ തന്നെ പങ്കെടുത്ത യോഗം ആണ് അനുമതി നല്‍കിയത്. അതേസമയം ബി.സി.സി.ഐയിൽ വിനോദ് റായി സമിതിയുടെ ഇരട്ടത്താപ്പിന് ഉദാഹരണമായിട്ടാണ് യാത്രാനുമതിയെ പലരും നിരീക്ഷിക്കുന്നത്.
ത്രിരാഷ്ട്ര പരമ്പരയിലെ മത്സരങ്ങള്‍ കാണാനായി ശ്രീലങ്കയിലേക്ക് പോകാന്‍ അനുമതി തേടി ബി.സി.സി.ഐ. സെക്രട്ടറി അമിതാഭ് ചൗധരി നൽകിയ അപേക്ഷ നേരത്തേ വിനോദ് റായി സമിതി തള്ളിയിരുന്നു. ബി.സി.സി.ഐ. ഭാരവാഹികള്‍ മത്സരം കാണുന്നതുകൊണ്ട് പ്രയോജനം ഇല്ലെന്നായിരുന്നു അന്ന് സമിതിയുടെ നിലപാട്. എന്നാൽ അമിതാഭ് ചൗധരിയുടെ കാര്യത്തിൽ എടുത്ത വിരുദ്ധ നിലപാട് സ്വന്തം കാര്യം വന്നപ്പോൾ മാറ്റിയ ഇരട്ടത്താപ്പിന് എതിരെ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ കാണാന്‍ അമിതാഭ് ചൗധരി അനുമതി തേടിയപ്പോഴും വിനോദ് റായ് സമിതി പോവാൻ അനുവദിച്ചിരുന്നില്ല. സ്വന്തം ചെലവില്‍ പോകാമെന്നായിരുന്നു വിനോദ് റായ് സമിതി അന്ന് അമിതാഭ് ചൗധരിയോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമിതാഭ് ചൗധരി ഭൂട്ടാന്‍ സന്ദര്‍ശിച്ചപ്പോഴും വിനോദ് റായ് സമിതി അദ്ദേഹത്തോട് വിദശീകരണം ആവശ്യപ്പെട്ടിരുന്നു.