Thu. May 2nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏപ്രില്‍ 12,13,14 തിയതികളില്‍ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. വയനാട് ഒഴിച്ചുള്ള പ്രദേശങ്ങളില്‍ ശരാശരിയില്‍ നിന്നും 2 മുതല്‍ 4 വരെ ഡിഗ്രി ചൂട് കൂടാന്‍ സാധ്യതയുണ്ട്. വേനല്‍ മഴയില്‍ കുറവുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൂട് വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

രാവിലെ 11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാന്‍ കര്‍മ്മ സമിതികള്‍ തയാറായിട്ടുണ്ട്.

സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

– രാവില 11 മുതല്‍ 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കുക.

– പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഈ സമയത്ത് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

-തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശത്തിന് സവിശേഷ ശ്രദ്ധ നല്‍കുക.

– പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവര്‍ നേരിട്ട് തീവ്രമായ ചൂടേല്‍ക്കാത്ത തരത്തില്‍ സമയക്രമീകരണം നടത്തുക.

-അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണ്.

– അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

– വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

– ഇരു ചക്ര വാഹനങ്ങളില്‍ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *