ന്യൂഡല്‍ഹി:
നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചാനലില്‍ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിര്‍ദേശം. ഇവ ഉടന്‍ നീക്കം ചെയ്യാനും കമ്മീഷന്‍ ഉത്തരവിട്ടു. നമോ ടിവിയിലെ ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം. നമോ ടി വി ചാനല്‍ ഈ അനുമതി നേടിയിട്ടുമില്ല. ഇതാണ് ചാനലിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.
ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ സര്‍ഫിക്കറ്റ് ചെയ്യപ്പെടാത്ത ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്കിയ കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് നീരീക്ഷക സമിതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ രാഷ്ട്രീയ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ ഇനി സാധിക്കു. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളും പരസ്യങ്ങളും സമിതിയുടെ അനുമതിയോടെ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്.
നമോ ടിവി എന്ന ചാനല്‍ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് കാണിച്ച് കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. നമോ ടിവി മുഴുവന്‍ സമയ ടെലിവിഷന്‍ ചാനല്‍ അല്ലെന്നും, നാപ്റ്റോള്‍ പോലെയുള്ള ഒരു പരസ്യ പ്ലാറ്റ്‍ഫോം മാത്രമാണെന്നുമായിരുന്നു ഐ&ബി മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ചാനലിന്‍റെ ഉള്ളടക്കം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് എന്നാണ് നമോ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം.
നേരത്തെ പിഎം മോദി സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും നമോ ടിവിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്കിയിരുന്നു. തിരഞ്ഞെടുപ്പു കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം.