Sat. Apr 27th, 2024
തിരുവനന്തപുരം:

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. അവസാന വർഷ പ്രാക്ടിക്കൽ പരീക്ഷയിലെ കൂട്ട തോൽവി അന്വേഷിക്കാൻ ആരോഗ്യ സർവകലാശാലാ ഗവേണിങ് കൗൺസിൽ. വിദ്യാർത്ഥികളുടെ, പഠന സൗകര്യമില്ലെന്ന പരാതിയിന്മേലാണ് അന്വേഷണ ഉത്തരവ്. അവസാന വർഷ എം.ബി.ബി.എസ്. പ്രാക്ടിക്കൽ പരീക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ 22 വിദ്യാർത്ഥികളെയും തൃശൂർ മെഡിക്കൽ കോളജിലെ 17 വിദ്യാർത്ഥികളെയും തോൽപിച്ചുവെന്നാണു പരാതി.

തിരുവനന്തപുരത്തു ജനറൽ മെഡിസിനും തൃശൂരിൽ പീഡിയാട്രിക്‌സിനുമാണു കൂട്ട തോൽവി. ഇതുസംബന്ധിച്ചു വിദ്യാർത്ഥികൾ സർവകലാശാലാ അഡ്ജുഡിക്കേഷൻ കമ്മിറ്റിക്കും ആരോഗ്യ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഈ കോളജുകളിലെ ആരോപണ വിധേയരായ അധ്യാപകരെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തും. വർക്കല എസ്.ആർ മാനേജ്മെന്റിന് കീഴിലുള്ള മെഡിക്കൽ കോളജിനും ഡെന്റൽ കോളജിനും കാരണം കാണിക്കൽ നോട്ടിസ് നൽകും.

ഇന്റേണൽ പരീക്ഷാ ജോലിക്ക് അധ്യാപകരെ അയയ്ക്കാത്ത മെഡിക്കൽ കോളജുകളിൽ നിന്ന് ഒരു ലക്ഷം രൂപയും, പാരാമെഡിക്കൽ സ്ഥാപനങ്ങളിൽനിന്ന് 50,000 രൂപയും പിഴ ഈടാക്കും. സ്വാശ്രയ കോളജുകളിലെ സൗകര്യങ്ങളിൽ പുനഃപരിശോധന ആവശ്യമുള്ള പക്ഷം 20,000 രൂപ ഫീസ് ഈടാക്കാനും തീരുമാനിച്ചു.

വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ സർവകലാശാലാ അഡ്ജുഡിക്കേഷൻ കമ്മിറ്റി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് ശരിയായ രീതിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും വെട്ടിത്തിരുത്തൽ വരുത്തിയെന്നും അവർ കണ്ടെത്തി. തോറ്റതിനു മതിയായ കാരണം രേഖപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമായി. ഇതു ഗവേണിങ് കൗൺസിൽ വിലയിരുത്തിയശേഷമാണ് അധ്യാപകരെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്.

കഴിഞ്ഞദിവസം സർവകലാശാല നടത്തിയ മിന്നൽ പരിശോധനയിൽ എസ്.ആർ. ആശുപത്രിയിൽ ഒരു രോഗിപോലും ഇല്ലെന്നും അധ്യാപകരില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഫിലിയേഷൻ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ കോളജിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടു വർഷവും ഈ കോളജിനു പ്രവേശനാനുമതി നൽകിയിരുന്നില്ല. 2016-17 ബാച്ചിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തുള്ളത്.

പാലക്കാട് കേരള മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികളും സമാന സാഹചര്യത്തിലാണെന്നു കൗൺസിൽ വിലയിരുത്തി. ഈ വിദ്യാർത്ഥികളെ മറ്റു 13 സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കു മാറ്റാമെന്നു ഹൈക്കോടതിയെ സർക്കാർ അറിയിച്ചിരുന്നു. മെഡിക്കൽ കൗൺസിലിന്റെയും കോടതിയുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.

Leave a Reply

Your email address will not be published. Required fields are marked *