Sat. Apr 27th, 2024
#ദിനസരികള് 725

കേരളം നടുങ്ങി നിന്ന നിപകാലം. രോഗം പരത്തുന്ന വൈറസിനെ കണ്ടെത്താനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയത്ത് നടപ്പിലാക്കാനും കഴിഞ്ഞുവെങ്കിലും, ബാധിക്കപ്പെട്ടാല്‍ മരണം സുനിശ്ചിതമാണെന്ന ഭീതിയില്‍ ജനജീവിതം മുള്‍മുനയിലൂടെ കടന്നുപോകുന്നു. ആ സമയത്താണ് ആ സമയത്താണ് നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അജന്യയും ഉബീഷും രോഗത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചു വരുന്നുവെന്ന വാര്‍ത്ത വന്നത്. എന്നാല്‍ ജനങ്ങള്‍ ആ വാര്‍ത്തയെ അവിശ്വാസത്തോടെയാണ് സ്വീകരിച്ചത്. നിപയില്‍ നിന്നും മോചിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചിട്ടും ജനങ്ങളില്‍ അവിശ്വാസം നിറഞ്ഞു നിന്നു. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിലേക്ക് മടങ്ങിപ്പോകുകയെന്നത് അജന്യയേയും ഉബീഷിനേയും സംബന്ധിച്ച് വലിയ വെല്ലുവിളിയായി.

ആ സാഹചര്യത്തിലാണ് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും നിപയെ നാം അതിജീവിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിനുമായി ആരോഗ്യമന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ഐസോലേഷന്‍ വാര്‍ഡ് സന്ദര്‍ശിക്കുവാന്‍ തീരുമാനമെടുത്തത്. ആശുപത്രി വൃത്തങ്ങളിലും പൊതുസമൂഹത്തിലും അമ്പരപ്പുണ്ടാക്കിയ തീരുമാനമായിരുന്നു അത്. ജനതയുടെ ആശങ്ക അകറ്റാനും അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കുവാനും ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ അവര്‍ നടത്തിയ നീക്കങ്ങള്‍ അത്യന്തം ശ്ലാഘനീയമായിരുന്നുവെന്ന് പ്രതിപക്ഷം പോലും കയ്യടിച്ചു സമ്മതിച്ചു.

പ്രളയാനന്തര ശുചീകരണപ്രവര്‍ത്തനങ്ങളില്‍, ആരോഗ്യവകുപ്പ് ഇടപെട്ട രീതി കേരളത്തിലുടനീളമുള്ള ജനത നേരിട്ടു കണ്ടതും അനുഭവിച്ചതുമാണ്. മറ്റേതെങ്കിലുമൊരു സംസ്ഥാനമായിരുന്നുവെങ്കില്‍, ഇത്രയും ഫലപ്രദമായി പ്രളയശേഷം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടായിരുന്ന പകര്‍ച്ച വ്യാധികളെ പിടിച്ചുകെട്ടാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. ജില്ലാതലങ്ങളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘങ്ങളെ നിയമിക്കുകയും, അവര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍‌ദ്ദേശങ്ങള്‍ നല്കിക്കൊണ്ട് ഏകോപിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ആരോഗ്യവകുപ്പ് പ്രതികരിച്ചത്. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ പ്രളയശേഷം സാധാരണ ജീവിതത്തിലേക്ക് ജനങ്ങളെ മടക്കിക്കൊണ്ടുവരാന്‍ സഹായിച്ചു.

ആരോഗ്യവകുപ്പ് മന്ത്രി കേരളത്തിന്റെ അമ്മയായി മാറിയ സവിശേഷമായ സാഹചര്യങ്ങളായിരുന്നു നാം കണ്ടത്. ഭരണസിരാകേന്ദ്രത്തിലെ ശീതീകരിച്ച മുറികളിലെ കടലാസു പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിനില്ക്കുന്നയാളല്ല താനെന്ന്, നിപക്കെതിരെയും പ്രളയദുരന്തത്തിനെതിരേയും നടത്തിയ പോരാടങ്ങളിലൂടെ അവര്‍ തെളിയിച്ചു. ജനങ്ങളോടൊപ്പം അവരുടെ ദുഖങ്ങള്‍ക്ക് ആശ്വാസമായി, തന്നാല്‍ കഴിയുന്ന വിധത്തില്‍ അവരുടെ കണ്ണുനീരുകള്‍ ഒപ്പിയെടുത്തുകൊണ്ട് അവരിലൊരാളായി ശൈലജ ടീച്ചര്‍ മുന്നോട്ടു പോകുന്നു. ഈ കരുതലും കാരുണ്യവും തീരുമാനങ്ങളുടെ കണിശതയും അവര്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലും കാണാന്‍ കഴിയുന്നുവെന്നതുതന്നെയാണ് ശൈലജ ടീച്ചറെ വ്യത്യസ്തയാക്കുന്നത്.

സാമൂഹികനീതിയുടെ അനുരണനങ്ങള്‍

കേരളത്തില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്ന കരുതലാണ് ആര്‍ദ്രം മിഷന്‍ രൂപീകരണത്തിലേക്ക് എത്തിച്ചത്. ജീവിക്കുവാനുള്ള അവകാശം സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യമാണെങ്കില്‍ ആവശ്യമായ ജീവിതോപാധികള്‍ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതുമുള്ള അവകാശവും തുല്യമായിയിരിക്കണം. സാമ്പത്തികമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള അസമത്വങ്ങള്‍ കാരണം അര്‍ഹിക്കുന്ന അവകാശം ഒരാള്‍ക്കും ലഭിക്കാതെ പോകരുത്. അതുകൊണ്ട് എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും ഗുണമേന്മയുള്ള ചികിത്സ എന്ന കാഴ്ചപ്പാടാണ് ആര്‍ദ്രം മിഷന്റെ ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നത്.

“ആരോഗ്യരംഗത്ത് നിലവിലുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനോടൊപ്പം പുതിയ ചില ആശയങ്ങള്‍ അവതരിപ്പിക്കാനും ആര്‍ദ്രം മിഷന്‍ ലക്ഷ്യമിടുന്നു. കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്ക് കൂടുതല്‍ സൗഹാര്‍ദപരമായ അന്തഃരീക്ഷം സൃഷ്ടിക്കുകയാണ് ഇതില്‍ പ്രധാനം. ദൈനംദിനം ആശുപത്രി സന്ദര്‍ശിക്കേണ്ടിവരുന്ന രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കാവും മുന്‍ഗണന.

അതോടൊപ്പം തന്നെ, ആരോഗ്യരംഗത്തെ മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗുണനിലവാരമുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടത്തും. ജില്ല, താലൂക്ക് ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങള്‍ ഒരുക്കും. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളെ കുടുംബ ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് മറ്റൊരു സുപ്രധാന ലക്ഷ്യം. ഇതുവഴി ഗ്രാമീണ മേഖലയിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.

പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധത്തിനും പുരനധിവാസത്തിനും ഊന്നല്‍ നല്‍ക്കുന്ന ഒരു നവീനരീതി നടപ്പിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. എന്‍എച്ച്ആര്‍എം തുടങ്ങിയ ആരോഗ്യപദ്ധതികളുടെ മാര്‍ഗ്ഗരേഖകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഓരോ രോഗിയുടെ പ്രശ്‌നവും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഉന്നത ഗുണനിലവാരമുള്ള സേവനങ്ങളാണ് രോഗികള്‍ക്ക് ലഭിക്കുന്നതെന്നും ഉറപ്പാക്കുന്നതിനുള്ള ശക്തമായ അവലോകന സംവിധാനം നടപ്പില്‍ വരുത്തും.” എന്നാണ് ആര്‍ദ്രം മിഷന്റെ പ്രഖ്യാപിതമായ ലക്ഷ്യം.

ഈ പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി, മുഖ്യമന്ത്രി അധ്യക്ഷനും ആരോഗ്യവകുപ്പ് മന്ത്രി സഹ അധ്യക്ഷനുമായി ഒരു ദൌത്യസേന പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ഈ യോഗങ്ങളിലേക്ക് പ്രത്യേക ക്ഷണിതാവായിരിക്കും. ജില്ലതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും നേതൃത്വം നല്കും. ആര്‍ദ്രം പ്രവര്‍ത്തനും കൃത്യമായും കാര്യശേഷിയോടെയും നടത്തപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് ഇത്രയും വിപുലമായ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

വികസനങ്ങള്‍ വിപുലനങ്ങള്‍

മെഡിക്കല്‍ കോളേജുകളെ അക്ഷരാര്‍ത്ഥത്തില്‍ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. ചികിത്സ തേടാനുള്ള ഒരിടമായി മാത്രം പരിഗണിക്കപ്പെട്ടു പോന്നിരുന്ന മെഡിക്കല്‍ കോളേജുകളുടെ അകാദമിക നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി അത്യന്താധുനിക ഉപകരണങ്ങള്‍ വാങ്ങി നല്കിയും കിഫ്ബിയില്‍ നിന്നും വായ്പ അനുവദിപ്പിച്ചുകൊണ്ട് സമഗ്രമായ മാറ്റങ്ങള്‍ ഉണ്ടാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു.

അട്ടപ്പാടിയിലെ ശിശുമരണനിരക്ക് പൊതുസമൂഹത്തില്‍ ആശങ്കയുണര്‍ത്തിയ ഒന്നായിരുന്നു. ആദ്യ ആയിരം ദിനങ്ങള്‍ എന്ന പേരില്‍ പദ്ധതി ആരംഭിച്ച് കുട്ടികളുടെ പഠനത്തിലും മറ്റു മേഖലകളിലുമുള്ള കഴിവുകളെ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. നഗരങ്ങളിലേക്ക് അവിചാരിതമായ എത്തിപ്പെടുന്ന ആശ്രയമില്ലാത്ത വനിതകള്‍ക്കും കുട്ടികള്‍ക്കും എന്റെ കൂട് എന്ന പേരില്‍ ആരംഭിച്ച പദ്ധതി വലിയ തുണയായിട്ടുണ്ട്. രാത്രിയിലെ താമസം സൌജന്യമായി നല്കുക എന്നതാണ് എന്റെ കൂടിലുടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ആയിരം ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന കേരള സര്‍ക്കാറിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലൊന്നായി ആരോഗ്യവകുപ്പിന് ജനങ്ങള്‍ക്കിടയില്‍ മാറാന്‍ കഴിഞ്ഞു എന്നതിന്റെ നേട്ടം ശൈലജ ടീച്ചര്‍ക്ക് അവകാശപ്പെട്ടതുതന്നെയാണ്. ജനഘങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു വരുന്ന ഒരു നേതാവിന്റെ ഇച്ഛാശക്തി ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം നമുക്ക് കണ്ടെത്താനാകും. വിഷയങ്ങളില്‍ കൃത്യമായി നിലപാടു സ്വീകരിക്കുവാനുള്ള ടിച്ചറുടെ ശേഷി പ്രകടമാകുന്നത് അര്‍ണാബ് ഗോസ്വാമിയോട് ഇടഞ്ഞപ്പോള്‍ നാം കണ്ടതാണ്.

ജനപക്ഷത്തു നിന്നും പ്രവര്‍ത്തിക്കുന്ന തന്നെ ഒരു കോര്‍പ്പറേറ്റ് വലതുപക്ഷ മാധ്യമ മൂലധനശക്തികള്‍ക്കും വിരട്ടുവാനോ വിലക്കെടുക്കുവാനോ ആകില്ലെന്ന സന്ദേശം നല്കുവാന്‍ അര്‍ണാബ് സംഭവം അവസരമുണ്ടാക്കി. പ്രതികൂലങ്ങള്‍ക്കുനേരെ പടപൊരുതാനുള്ള ആ ശേഷി ശൈലജ ടീച്ചറേയും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പിനേയും അനന്യമാക്കുന്നു, കരുതലോടെ കേരളത്തെ സംരക്ഷിച്ചു പിടിക്കുന്ന ഒരമ്മയാക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *