Wed. Jan 22nd, 2025
കൊച്ചി:

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍, അമ്മ ലളിത എന്നിവരാണ് നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.

സി.പി.എം. നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കി ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണ പുരോഗതി അറിയിക്കുവാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പി.ക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *