Sun. Dec 22nd, 2024
ജയ്പൂര്‍:

ഐ.പി.എൽ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉഗ്രൻ വിജയം. 20 ആം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ ചെന്നൈ, രാജസ്ഥാനെ പരാജയപ്പെടുത്തുകയായിരുന്നു. ജയ്പൂരില്‍ നടന്ന കളിയിൽ നാല് വിക്കറ്റിനായിരുന്നു ധോണിയുടെയും കൂട്ടരുടെയും ആതിഥേയർക്കെതിരെയുള്ള വിജയം. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ അവസാന ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

18 റണ്‍സാണ് അവസാന ഓവറിൽ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. സ്‌റ്റോക്‌സ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തിൽ തന്നെ രവീന്ദ്ര ജഡേജ സിക്‌സ് അടിച്ചു. നോബൗളായ രണ്ടാം പന്തില്‍ ഒരു റണ്‍സ്. അടുത്ത പന്തില്‍ ധോണി രണ്ട് റണ്‍സ് നേടി. എന്നാല്‍ തൊട്ടടുത്ത ബൗളില്‍ ക്യാപ്റ്റന്‍ ബൗള്‍ഡായി. രാജസ്ഥാന്‍ വിജയമുറപ്പിച്ച അവസ്ഥയായി. നാലും അഞ്ചും പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് റണ്‍സ് വീതം നേടി. അവസാന പന്ത് സ്റ്റോക്‌സ് വൈഡ് എറിഞ്ഞു. പിന്നീട് വേണ്ടത് മൂന്ന് റണ്‍ മാത്രം. എന്നാല്‍ അവസാന പന്തില്‍ സാന്റ്‌നര്‍ സിക്‌സര്‍ പായിച്ച് കളിയവസാനിപ്പിച്ചു.

എം.എസ് ധോണി (43 പന്തില്‍ 58), അമ്പാട്ടി റായുഡു (47 പന്തില്‍ 57) എന്നിവരാണ് ചെന്നൈയുടെ വിജയത്തിന് അടിത്തറ പാകിയത്. ഷെയ്ന്‍ വാട്‌സണ്‍ (0), ഫാഫ് ഡു പ്ലെസിസ് (7), സുരേഷ് റെയ്‌ന (4), കേദാര്‍ ജാദവ് (1), എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. രവീന്ദ്ര ജഡേജ (9), സാന്റ്‌നര്‍ (10) പുറത്താവാതെ നിന്നു.

രാജസ്ഥാന് വേണ്ടി സ്‌റ്റോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. രാജസ്ഥാന്‍ ടീമിലെ ഒരുകളിക്കാരനും 30 റണ്‍സിനു മേൽ നേടാന്‍ സാധിച്ചില്ല. ബെന്‍ സ്റ്റോക്‌സാ (26 പന്തില്‍ 28) ണ് രാജസ്ഥാന്‍ നിരയിൽ ഏറ്റവും റണ്ണെടുത്തത്.
ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാകൂര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മലയാളിയായ സഞ്ജു സാംസണ് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അജിന്‍ക്യ രഹാനെ (14), ജോസ് ബട്‌ലര്‍ (23), സ്റ്റീവന്‍ സ്മിത്ത് (15), രാഹുല്‍ ത്രിപാഠി (10), റിയാന്‍ പരാഗ് (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജോഫ്ര ആര്‍ച്ചര്‍ (13), ശ്രേയാസ് ഗോപാല്‍ (19) എന്നിവര്‍ പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *