Fri. Apr 26th, 2024
ന്യൂഡല്‍ഹി:

നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി യോഗ്യതയില്ലെന്ന് തിരുത്തിപ്പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയത്. അതേ സമയം 2014ല്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാദം. ഇത് ക്രിമിനല്‍ കുറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച്‌ സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണവുമായി രംഗത്തെത്തിയത്.

ബി.ജെ.പി. ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ വല്‍ക്കരിക്കരിക്കുകയാണെന്ന് പരാതിപ്പെട്ട് വിരമിച്ച സൈനികര്‍ നല്‍കിയ കത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു. കര, വായു, നാവിക സേനകളുടെ മുന്‍ മേധാവികളടക്കമുള്ളവരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

ബിജെപി സൈനികരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെല്ലാം തിരഞ്ഞെടുപ്പില്‍ സൈനികരുടെ പേര് ദുരുപയോഗം ചെയ്യുന്നു. ബി.ജെ.പി. നിയമ വ്യവസ്ഥയെ കാറ്റില്‍ പറത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ സംഭാവനയുടെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്ന സുപ്രീംകോടതി തീരുമാനം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *