ന്യൂഡൽഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത്തെ ആസ്പദമാക്കി ഒമംഗ് കുമാർ സംവിധാനം ചെയ്ത ‘പി.എം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കലയുടെ മറവിൽ നടത്തുന്ന രാഷ്ട്രീയ പ്രചാരണമാണ് പ്രസ്തുത സിനിമ എന്നും അതിനാൽ തന്നെ പൊതു തിരഞ്ഞെടുപ്പ് വേളയിൽ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നുമായിരുന്നു കോൺഗ്രസ് പ്രവർത്തകൻ അമൻ പൻവർ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.
എന്നാൽ സിനിമയുടെ സർട്ടിഫിക്കേഷൻ പോലും കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനാകില്ലെന്നും, ഇത്തരം കേസുകൾ പ്രോത്സാഹിപ്പിക്കില്ലെന്നും, സിനിമയുടെ റിലീസ് പെരുമാറ്റ ചട്ടലംഘനമാണോ എന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് തീരുമാനം.
അതേസമയം, ഏപ്രിൽ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം. നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതൽ പ്രധാനമന്ത്രി പദവിയിലേക്കുള്ള വളർച്ച വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ് ആണ് മോദിയായി വേഷമിടുന്നത്.