ന്യൂഡൽഹി:
ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഷോട്ട് പുട്ട് താരവും ഒളിമ്പ്യനുമായ മന്‍പ്രീത് കൗറിന് നാലു വര്‍ഷം വിലക്ക്. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) യാണ് മന്‍പ്രീതിനെ നാലു വർഷത്തേക്കു വിലക്കിയത്. ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണവും ആഭ്യന്തര മത്സരങ്ങളിൽ നേടിയ മെഡലുകളും ദേശീയ റെക്കോര്‍ഡും മന്‍പ്രീതിനു നഷ്ടമാവും. 2017 ല്‍ പങ്കെടുത്ത നാല് മീറ്റുകളിലെ ഉത്തേജക മരുന്ന് പരിശോധനകളിലും മന്‍പ്രീത് പരാജയപ്പെട്ടിരുന്നു.
വിലക്കിൽ ഇളവ് ലഭിക്കുന്നതിനായി നാഡയുടെ അപ്പീല്‍ സമിതിയെ സമീപീക്കാനുള്ള അവകാശം മന്‍പ്രീതിന് ഉണ്ട്. മാർച്ച് 29 ലെ നാഡ ഉത്തരവ് പ്രകാരം 2017 ജൂലൈ 20 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് മന്‍പ്രീത് സ്വര്‍ണം നേടിയത്.
2017 ഏപ്രിലില്‍ ചൈനയിലെ ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രിക്സിലും തുടര്‍ന്ന് ജൂണില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലും, ജൂലൈയില്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ജൂലൈയില്‍ ഗുണ്ടൂരില്‍ നടന്ന അന്തർസംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും മന്‍പ്രീത് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ഈ മത്സരങ്ങള്‍ നടക്കുന്ന സമയത്തെടുത്ത താരത്തിന്റെ മൂത്ര സാംപിളുകളുടെ പരിശോധനയിൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത് . ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാപ്രിക്സിലാണ് 18.86 മീറ്റര്‍ ദൂരം ഷോട്ട് പുട്ടെറിഞ്ഞ് മന്‍പ്രീത് ദേശീയ റെക്കോര്‍ഡിട്ടത്, ഈ റെക്കോർഡ് ഇനി നിലനിൽക്കില്ല. 2016 ലെ റിയോ ഒളിമ്പിക്സിൽ മന്‍പ്രീത് പങ്കെടുത്തിട്ടുണ്ട്.