Fri. Apr 26th, 2024
ഹൈദരാബാദ്:

2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പ് തുടങ്ങുവാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കി ഉള്ളൂ. ഈ ഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീന ശക്തി ഉൾപ്പെടെ വോട്ടർമാരെ ആകർഷിക്കുന്നതിനുള്ള എല്ലാ പ്രചാരണ മാർഗ്ഗങ്ങളും രാഷ്ട്രീയ പാർട്ടികൾ പയറ്റിക്കൊണ്ടിരിക്കുകയാണ്. കല-സാംസ്കാരിക-ശാസ്ത്ര മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ ജനങ്ങളോട്, ”ബോധപൂർവ്വം” വോട്ടുചെയ്യുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഇറക്കിയ ഏതാനും സംയുക്ത പ്രസ്താവനകളും ഇതിനോടകം വന്നു കഴിഞ്ഞിരുന്നു, താരതമ്യേന പുതിയ ഒരു പ്രവണതയാണിത്.

അതേസമയം, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രാഷ്ട്രീയ പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹൈദരാബാദിൽ നിന്നുള്ള ആർട്ടിസ്റ്റുകളായ ദമ്പദികൾ. നോട്ടക്ക് / NOTA (None of The Above) വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് ഈ ദമ്പതികളുടെ പ്രചാരണം എന്ന് efforts for good വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (ഇ.വി.എം) ൽ കൊടുത്തിട്ടുള്ള സ്ഥാനാർത്ഥികളുടെ പട്ടികയിൽ നിന്ന് ആരും തന്നെ യോഗ്യരായി വോട്ടർക്ക് തോന്നുന്നില്ലെങ്കിൽ കുത്താവുന്ന ഒന്നാണ് ‘നോട്ട’. നോട്ടക്കും അതിന്റേതായ രാഷ്ട്രീയം ഉണ്ടെന്ന് അർത്ഥം.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരന്മാരായ ദമ്പതികൾ, സ്വാതി, വിജയ് എന്നിവരാണ് നോട്ടക്ക് വോട്ട് ചെയ്യാൻ ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുന്നത്. ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് സത്യസന്ധരായ നേതാക്കളുടെ അഭാവം ഉയർത്തിക്കാട്ടുകയാണ് ഇവരുടെ ലക്ഷ്യം. ‘മിസ്സിംഗ് ഹോണസ്റ്റ് പൊളിറ്റീഷ്യൻസ്’ (‘Missing Honest Politicians’) എന്ന പേരിലാണ് ഇവരുടെ പ്രചാരണം.

ഏതാനും ആഴ്ചകൾക്ക് മുൻപ് ഹൈദരാബാദിലാണ് ഇവർ പ്രചാരണം ആരംഭിച്ചത്. പിന്നീട് തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിച്ചു. മെട്രോ തീവണ്ടികൾ, വഴിയോരങ്ങൾ എന്നിങ്ങനെ ആള് കൂടുന്നിടത്തെല്ലാം “മിസ്സിംഗ് ഹോണസ്റ്റ് പൊളിറ്റീഷ്യൻസ്” എന്ന തലക്കെട്ടുള്ള പ്ലക്കാർഡും പിടിച്ച് ഇവർ പ്രചാരണം നടത്തുന്നു, #findhonestpoliticians എന്ന ഹാഷ്ടാഗും പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *