പാല:
കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 4.57-നാണ് മരിച്ചത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെ സ്ഥിതി വീണ്ടും വഷളായി. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വൃക്കയുടെ പ്രവർത്തനവും കുറഞ്ഞതോടെ മരണം സംഭവിക്കുകയായിരുന്നു.
കെ.എം. മാണിയുടെ മൃതദേഹം ഇന്ന് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. എംബാം ചെയ്ത ചെയ്യുന്ന മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിയോടെ കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടു വരും. പതിനൊന്ന് മണി മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിൽ വൈകുന്നേരം വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിക്കും. വ്യാഴാഴ്ച്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാകും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക.
ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ സ്ഥാനം നേടിയ അത്യപൂര്‍വം സമാജികരുടെ നിരയിലാണ് കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. 54 വര്‍ഷം നിയമനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുക എന്നത് ലോകത്ത് തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാകാത്ത ചരിത്രമാണ്. കെ.എം. മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസിന് മാത്രമല്ല കേരളത്തിന് തന്നെ നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ നിരാലംബരായ രോഗികള്‍ക്ക് ആശ്വാസമാകുന്ന കാരുണ്യ പദ്ധതി പോലുള്ള നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന സഹപ്രവര്‍ത്തകനായിരുന്നു കെ. എം. മാണിയെന്ന് എ. കെ. ആന്‍റണി അനുസ്മരിച്ചു.
തുടർച്ചയായി 13 തവണയാണ് മാണി പാലായിൽ നിന്നും നിയമസഭാംഗമായത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ 2017-ൽ നിയമസഭ ആദരിക്കുകയും ചെയ്തിരുന്നു.1965-ൽ ആണ് മാണി ആദ്യ വിജയം നേടിയതെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. പിന്നീട് 67-ലെ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച മാണി മാർച്ച് 15ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒരു ദിവസം പോലും അദ്ദേഹം എം.എൽ.എ എന്ന പദവിയില്ലാതെ ജീവിച്ചിട്ടില്ല എന്നതാണ് കൗതുകകരം. ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചയാൾ, കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), ഏറ്റവും അധികം മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും അധികം കാലം ധന-നിയമ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ റിക്കാർഡുകളെല്ലാം അദ്ദേഹം സ്വന്തം പേരിൽ ചേർത്തിരുന്നു. പ്രാദേശിക രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ഒരു നേതാവിന്റെ യുഗമാണ് മാണിയുടെ വിയോഗത്തോടെ അവസാനിക്കുന്നത്.