Mon. Dec 23rd, 2024
ന്യൂഡൽഹി:

ശബരിമല വിഷയം പ്രചാരണായുധമാക്കരുതെന്ന് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ഉത്തരവിട്ടുണ്ടെങ്കിലും ഇന്ന് പുറത്തിറക്കിയ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രികയിൽ ശബരിമല വിഷയം പരാമർശിച്ചിട്ടുണ്ട്. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീംകോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബി.ജെ.പി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്.


ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും പ്രാർത്ഥനാപരമായ ആചാരങ്ങളും സുപ്രീംകോടതിയ്ക്ക് മുമ്പാകെ കൃത്യമായി അവതരിപ്പിക്കും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കുമെന്നും ബി.ജെ.പി പ്രകടനപത്രികയിൽ പറയുന്നു.

‘സങ്കൽപ് പത്ര്’ എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. ‘സങ്കൽപിത് ഭാരത് – സശക്ത് ഭാരത്’ എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത നിയന്ത്രണം ഉണ്ടെങ്കിലും കേരളത്തിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയമാണ് ശബരിമല. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന ശേഷമുണ്ടായ പ്രക്ഷോഭങ്ങൾ സജീവ ചർച്ചാ വിഷയമാക്കിത്തന്നെയാണ് ബി.ജെ.പി സംസ്ഥാനത്ത് വോട്ട് തേടുന്നതും. ഇതിലൂടെ ലോക്സഭയിൽ കേരളത്തിൽ നിന്ന് ആദ്യമായി അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്.

പക്ഷെ ദേശീയ തലത്തിൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു സംഘ പരിവാറിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അതിനാലാണ് ആചാരസംരക്ഷണത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാൻ തയ്യാറാകാതെ സുപ്രീം കോടതി വഴി നീങ്ങുവാൻ എൻ.ഡി.എ തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *