ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം ഏപ്രിൽ 15ന് ഉണ്ടാകും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാകും ടീം പ്രഖ്യാപനം നടത്തുക. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ കൂടിയാണ് വിരാട് കോഹ്‌ലി.
ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള അവസാന ദിവസം ഈ മാസം 23 ആണെങ്കിലും അല്പം നേരത്തെ ടീം പ്രഖ്യാപനം നടത്തുക വഴി കളിക്കാർക്ക് മാനസികമായ തയ്യാറെടുപ്പിന് സമയം ലഭിക്കുമെന്ന ചിന്തയെ തുടർന്നാണ് 15ന് ടീം പ്രഖ്യാപനം നടത്താൻ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബി.സി.സി.ഐ.) തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരിൽ 20 കളിക്കാരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയിരുന്നുവെന്ന് ഇന്ത്യൻ ടീം മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നാവും 15 പേരെ തിരഞ്ഞെടുക്കുക.
അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ലോക കപ്പിന് മുമ്പായി വിശ്രമം അനുവദിക്കണമെന്ന അഭിപ്രായം മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ ട്വിറ്ററിൽ കുറിച്ചിരുന്നു. ‘ഇന്ത്യന്‍ സ്‌മാര്‍ട്ട് ആണെങ്കില്‍ വേൾഡ് കപ്പിനായി കോഹ്‌ലിക്ക് ഇപ്പോള്‍ വിശ്രമം അനുവദിക്കും. ലോകകപ്പ് പോലൊരു വലിയ കായികമത്സരത്തിന് മുന്‍പ് കോലിക്ക് കുറച്ചുസമയം അവധി നല്‍കണം’ എന്നാണ് വോണ്‍ ട്വീറ്റ് ചെയ്തത്. ഐ.പി.എല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരവും കോഹ്‌ലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് തോറ്റിരുന്നു.