തൃശ്ശൂര്‍:
അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ ലഭിച്ച നോട്ടീസിന് മറുപടി നല്‍കുമെന്ന് തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപി. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. അയ്യപ്പന്റെ അര്‍ത്ഥം അവര്‍ അന്വേഷിക്കട്ടെ. എന്താണ് പറഞ്ഞതെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇഷ്ട ദേവന്റെ നാമം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും പറയാന്‍ പാടില്ലാത്ത അവസ്ഥയാണ്. എന്ത് ജനാധിപത്യമാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. ഇതിനെ ജനം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശൂര്‍ കളക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ്്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ സുരേഷ് ഗോപിക്ക് നല്‍കിയ നിര്‍ദേശം. ഇതനുസരിച്ചാകും മറ്റ് നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടില്‍ നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ തേക്കിന്‍കാട് മൈതാനിയില്‍ എന്‍.ഡി.എ നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് സുരേഷ് ഗോപി ശബരിമലയെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്നുവെന്ന് വോട്ടര്‍മാരോട് പറഞ്ഞത്.