Tue. Apr 16th, 2024
തിരുവനന്തപുരം:

അയ്യപ്പന്‍റെ പേരില്‍ തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വോട്ട് പിടിച്ചത് ചട്ടലംഘനമാണെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കളക്ടര്‍ക്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. അയ്യനെന്നത് അവരുടെ വ്യാഖ്യാനം മാത്രം. കളക്ടര്‍ക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

ശബരിമല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. ദൈവത്തിന്‍റെ പേരില്‍ ജനവികാരം മുതലാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. ഇത് മാതൃകപെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. കളക്ടര്‍ റിട്ടേണിംഗ് ഓഫീസറാണ്. കളക്ടര്‍മാരെ പെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല. മാതൃകപെരുമാറ്റച്ചട്ടം ഉണ്ടാക്കിയത് രാഷ്ട്രീയ പാര്‍ട്ടികളാണ്. തിരഞ്ഞടുപ്പ് കമ്മീഷന്‍ അടിച്ചേല്‍പ്പിച്ചതല്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

കലക്ടര്‍ എടുക്കുന്ന തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കാം. കളക്ടര്‍ക്കെതിരെ സുരേഷ് ഗോപി പറഞ്ഞത് കുറ്റകരം. എന്തിനാണ് ദൈവത്തിന്റെ പേരില്‍ തിരഞ്ഞടുപ്പില്‍ വോട്ട് പിടിക്കുന്നതെന്നും ടിക്കാറാം മീണ ചോദിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *