Wed. Jan 22nd, 2025
തൃശൂർ:

തൃശൂരിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ചതിന് ജില്ലാ കലക്ടർ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു.നോട്ടീസിന് 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് തൃശൂർ ജില്ലാ കലക്ടർ ടി.വി. അനുപമ നിർദ്ദേശം നൽകി.

തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സുരേഷ്‌ഗോപിയുടെ വിവാദമായ പ്രസംഗം. ‘അയ്യപ്പൻ ഒരു വികാരം ആണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നത്. ശബരിമലയെ പ്രചാരണ ആയുധമാക്കുകയല്ല. പക്ഷേ കേരളത്തിലെ കുടുംബങ്ങൾ ചർച്ച ചെയ്യുന്നത് ഇതാണ്’- കൺവെൻഷനിൽ സുരേഷ് ഗോപിയുടെ വാക്കുകൾ ഇതായിരുന്നു.ഇതിനൊപ്പം പല സ്ഥലത്തും വോട്ട് അഭ്യർത്ഥിക്കുമ്പോൾ സുരേഷ് ഗോപി അയ്യപ്പനേയും ശബരിമലയേയും ചർച്ചയാക്കുന്നതായും കലക്ടർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് കലക്ടർ നോട്ടീസ് അയച്ചിട്ടുള്ളത്. ശബരിമലയെയും അയ്യപ്പനെയും തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ വാദം. നോട്ടിസിന് ഉടൻ പാര്‍ട്ടി മറുപടി നല്‍കുമെന്നും അയ്യന്റെ അർത്ഥം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ ഒരിക്കലും വിശ്വാസത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല. സ്വന്തം ഇഷ്ടദേവന്റെ പേര് ഉച്ചരിക്കാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്.ഇതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോടു കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. അഭിഭാഷകരുമായി ആലോചിച്ച ശേഷമായിരിക്കും സുരേഷ് ഗോപി ഇക്കാര്യത്തിൽ വിശദീകരണം നല്‍കുക. ശബരിമല അയ്യപ്പനെക്കുറിച്ച് പറഞ്ഞ ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതേക്കുറിച്ച് ഇനി മിണ്ടില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ വാചകം മുന്‍നിര്‍ത്തിയാകാം വിശദീകരണം നല്‍കുക. കണ്‍വന്‍ഷന്‍റെ വിഡിയോ ദൃശ്യങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

അതിനിടെ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂര്‍ ജില്ലാ കലക്ടർ ടി. വി. അനുപമയുടെ നടപടി വിവരക്കേടെന്ന് ആരോപിച്ച് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണൻ രംഗത്തു വന്നു. അയ്യപ്പന്‍റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശൂർ കലക്ടറുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ ടി.വി. അനുപമയുടെ നടപടി സർക്കാരിൻ്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്നും ആരോപിച്ചു.എന്നാൽ ബി.ജെ.പി. വിമർശനങ്ങളെ ചിരിച്ചു തള്ളിയ ജില്ലാ കലക്ടർ അനുപമ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും ഇതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചശേഷം സുരേഷ് ഗോപി തുടർച്ചയായി വിവാദങ്ങളിൽ പെട്ടുകൊണ്ടിരിക്കുകയാണ്. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപി വിദ്യാർത്ഥിയുടെ കൈ തട്ടിമാറ്റിയത് സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരുന്നു. സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട വിദ്യാർത്ഥിയുടെ കൈതട്ടിമാറ്റുന്നതും, ക്ഷുഭിതനായി നോക്കുന്നതുമാണ് വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എളവള്ളി പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ എത്തി. ഇവരോട് ക്ഷേമാന്വേഷണം നടത്തുന്നതിനിടെയാണ് ഒരു വിദ്യാർത്ഥി സെല്‍ഫിയെടുക്കുന്നതിനായി സുരേഷ് ഗോപിയുടെ തോളില്‍ കൈവച്ചത്. ഇതില്‍ ക്ഷുഭിതനായ സുരേഷ് ഗോപി വിദ്യാർത്ഥിയുടെ കൈതട്ടിമാറ്റിയശേഷം രൂക്ഷമായി വിദ്യാർത്ഥിയെ നോക്കുന്നതും വിഡിയോയില്‍ കാണാം.

എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കുറിച്ചു പറയവെ, മോദി ഇപ്പോള്‍ തന്നെ അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ കരുതിയതെന്ന് സുരേഷ് ഗോപി ചോദിച്ചതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *