Fri. Apr 26th, 2024
അമരാവതി:

ആന്ധ്രയില്‍ തെലുങ്കുദേശം പാ‍ര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം മതത്തില്‍ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. മുംസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്നും പലിശയില്ലാത്ത വായ്പ അനുവദിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

കര്‍ണൂല്‍ ജില്ലയിലെ അലുരുവില്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വിശിഷ്ടമായ ദിനമാണ്. നിങ്ങള്‍ ടിഡിപിക്ക് വോട്ട് ചെയ്യണം. മുസ്‌ലിമിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു നായിഡു പറഞ്ഞു. നിലവില്‍ നായിഡു രണ്ടു ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്. ഒരാള്‍ കാപു സമുദായത്തില്‍നിന്നും മറ്റൊരാള്‍ പിന്നാക്ക സമുദായത്തില്‍നിന്നുള്ളയാളുമാണ്. തെലങ്കാനയില്‍ ഒരു ദലിതും ഒരു മുസ്‌ലിമുമാണ് ഉപമുഖ്യമന്ത്രിമാര്‍. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

ഭരണം നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മില്‍ കനത്ത പോരാട്ടമാണ് ആന്ധ്രയില്‍ നടക്കുന്നത്. കാര്‍ഷിക പ്രശ്നങ്ങളാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. കര്‍ഷകരോഷം തിരിച്ചടിയാകുമോ എന്ന ആശങ്ക ഭരണപക്ഷത്തിനുണ്ട്. അതേസമയം ആന്ധ്രയ്ക്ക് പ്രത്യക പദവിയെന്ന ഉറപ്പുനല്‍കിയാണ് പ്രതിപക്ഷ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രചാരണം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 670 കോടി രൂപ 67 ലക്ഷം കര്‍ഷകര്‍ക്കായി ചന്ദ്രബാബു നായിഡു നല്‍കിയെങ്കിലും കര്‍ഷക രോഷം തണുക്കാന്‍ ഇടയില്ല. സംസ്ഥാന ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും ഇടപെട്ട് ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കുന്നതിനുള്ള ആര്‍.ടി.ജി.എസ് പദ്ധതി നടപ്പിലാക്കിയതിലൂടെ ജനപ്രീതിയേറും എന്നാണ് ടിഡിപി കണക്കുകൂട്ടുന്നത്.

വികസപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാത്തത് പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. കാര്‍ഷകരുടെയടക്കം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിത്തരുമെന്നുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഗ്ദാനം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉപദ്രവിക്കുന്നെന്ന ആരോപണത്തിനു പിന്നാലെ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന പ്രസ്താവനയുമായി ചന്ദ്രബാബു നായിഡു രംഗത്ത് വന്നിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *