Wed. Jan 22nd, 2025
തിരുവനന്തപുരം:

കിഫ്ബി മസാലബോണ്ട് വ്യാപാരം തുടങ്ങുന്ന ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. മേയ് 17ലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചാണു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത്തരം ചടങ്ങില്‍ പങ്കെടുക്കുവാൻ ക്ഷണം ലഭിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണു പിണറായി വിജയന്‍. നേരത്തെ കേന്ദ്രസർക്കാരിന്റെ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു.

ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്‍റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. മെയ് 17-നാണ് ലണ്ടൻ സ്റ്റോക് എക്‌ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടുന്നത്. സാധാരണ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോൾ മണിമുഴക്കിയാണ് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും.

എന്താണ് കിഫ്‌ബി?

അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിനായി കേരള സർക്കാർ രൂപീകരിച്ച ധനകാര്യ സ്ഥാപനമാണ് കിഫ്ബി (KIIFB-Kerala Infrastructure Investment Fund Board.) സംസ്ഥാന ബജറ്റിന് പുറത്തു നിന്നുള്ള വിഭവ സമാഹരണമാണ് ഈ ധനകാര്യ ഏജന്‍സിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മസാലബോണ്ടുകൾ വഴി മാത്രമല്ല കിഫ്ബി പണം സ്വരൂപിക്കുന്നത്. ഡയസ്പോറ ബോണ്ടുകൾ, പ്രവാസി ചിട്ടികൾ, ബാങ്ക് നിക്ഷേപങ്ങൾ ഇവയെല്ലാം കിഫ്ബി ലക്ഷ്യം വയ്ക്കുന്നുണ്ട്.

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല.പേരു സൂചിപ്പിക്കുന്നതു പോലെ ഇന്ത്യയിലെ രുചി വൈവിധ്യം കൂടി അന്താരാഷ്ട്ര വിപണിയില്‍ ഇടം പിടിക്കുമെന്നു കരുതിയാണ് ഐ.എഫ്.സി മസാല ബോണ്ട് എന്ന പേര് നൽകിയത്. ഇന്ത്യയിലെ പ്രത്യേകതരം കറിക്കൂട്ടിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ പേര്. ചൈനയും ഇത്തരത്തിലുള്ള ബോണ്ട് ഇറക്കിയിട്ടുണ്ട്. ചൈനയിലെ പ്രധാന ഭക്ഷ്യ വിഭവമായ ഡിംസംത്തിന്റെ പേരിലുള്ള ബോണ്ടാണ് ‘ഡിംസം ബോണ്ട്’. ജപ്പാനും ‘സമുറായി ബോണ്ട്’ ഇറക്കിയിട്ടുണ്ട്.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഇന്‍റർനാഷണൽ ഫിനാൻസ് കോർപറേഷനാണ് (I.F.C) ഇതാദ്യം പുറത്തിറക്കിയത്. മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതിന്‍റെ മാനദണ്ഡം റിസര്‍വ് ബാങ്ക് രണ്ടുമാസം മുമ്പ് ലഘൂകരിച്ചിരുന്നു. അതിനുശേഷം ആദ്യമായി ഹൗസിങ് ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷനാണ് മസാല ബോണ്ടുവഴി 13,000 കോടി രൂപ സമാഹരിച്ചത്. ഹൗസിങ് ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷൻ സമാഹരിച്ചതുള്‍പ്പെടാതെ ഇതുവരെ 44,000 കോടി മൂല്യമുള്ള മസാല ബോണ്ടുകളാണ് വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ ഇതുവരെ സമാഹരിച്ചിട്ടുള്ളത്.

കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു.9.72% പലിശനിരക്കിൽ കടപ്പത്ര വിപണിയിൽനിന്നും 25 വർഷത്തെ തിരിച്ചടവ് കാലാവധിയോടെ സംസ്ഥാന സർക്കാരിന്‍റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ടിങ് വഴി 2,150 കോടിയുടെ നിക്ഷേപം ഇതുവരെ ലഭിച്ചിട്ടുണ്ട്. ആദ്യമായിട്ടായിരുന്നു ഇന്ത്യയിലെ ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവർത്തനത്തിന് തുക സമാഹരിച്ചത്.

എന്നാൽ കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കിയ മസാലബോണ്ട് കൂടുതലും നേടിയത് എസ്.എൻ.സി ലാവ്​ലിന്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ള സി.ഡി.പി.ക്യു കമ്പനിയാണെന്നും ഇടപാടില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ചു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ലാവ്​ലിന്‍ ഇടപാട് ശക്തമാകുന്നതിന്റെ കാരണമറിയാന്‍ ജനത്തിന് അവകാശമുണ്ട്, 9.72% കൊള്ള പലിശയാണ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുന്നത്, സർക്കാർ കരിമ്പട്ടിയിൽ പെടുത്തുത്തിയിരുന്ന കമ്പനിയെ സഹായിക്കാനുള്ള വളഞ്ഞ വഴിയാണിത്, ഇതിൽ അഴിമതിയുണ്ട് എന്നൊക്കെ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ.

പന്നിയാർ-ചെങ്കുളം-പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കേരള വിദ്യുച്ഛക്തി വകുപ്പ് നേരത്തേ കരാറുണ്ടാക്കിയ സ്ഥാപനമാണ് എസ്.എൻ.സി ലാവലിൻ. ഈ ഇടപാട് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി സി.എ.ജി റിപ്പോർട്ടു പുറത്തുവന്നത് ഇ.കെ നായനാർ മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അന്ന് വിദ്യുച്ഛക്തി വകുപ്പിന്റെ ചുമതല ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ലാവലിൻ കേസ് ഇപ്പോളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കമ്പനിക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി സർക്കാർ പിണറായി മുഖ്യമന്ത്രി ആയപ്പോൾ വീണ്ടും ഇടപാട് നടത്തിയെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.

എന്നാൽ ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ധനമന്ത്രി തോമസ് ഐസക് മസാലബോണ്ട് പിന്നാമ്പുറത്തുകൂടി ഒളിച്ചു വിൽക്കുന്ന ഒരു ഏർപ്പാടല്ല എന്ന് തിരിച്ചടിച്ചു. പടർത്തിവിടാൻ ശ്രമിച്ച ആശങ്കകളെല്ലാം തെറ്റെന്ന് വന്നപ്പോൾ ബാലിശമായ ഇത്തരം ആക്ഷേപങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്തിറങ്ങിയിരിക്കുകയാണെന്നും, കിഫ്ബിയെയും അത് കേരളത്തിന് നൽകുന്ന പശ്ചാത്തലസൗകര്യ സൃഷ്ടിയേയും തകർക്കാനുള്ള പ്രതിപക്ഷത്തിന്റെ ലക്‌ഷ്യം വിലപ്പോവില്ലെന്നും വ്യക്തമാക്കി.

അതേസമയം, കിഫ്ബിയിൽ കോടികളുടെ നിക്ഷേപം നടത്തിയ കനേഡിയൻ കമ്പനിയായ സി.ഡി.പി.ക്യു വും, എസ്. എൻ .സി ലാവ്‌ലിനും തമ്മിൽ ബന്ധമില്ല എന്ന ധനമന്ത്രിയുടെ വാദം പൊളിഞ്ഞു. സി.ഡി.പി.ക്യു 1965 ൽ രൂപീകൃതമായ പെൻഷൻ ഫണ്ട് മാനേജ്‌മെന്റ് കമ്പനിയാണ്. കനേഡിയൻ പ്രവിശ്യയായ ക്യുബക് നാഷണൽ അസംബ്ലി നിയമം പാസ്സാക്കി സ്ഥാപിച്ച ഒരു പൊതുസ്ഥാപനം. ലാവ്‌ലിൻ ഒരു സ്വകാര്യ കമ്പനിയും. ഇരു കമ്പനികളും തമ്മിലുള്ള ബന്ധം സംബന്ധിച്ചു പൊതുഇടങ്ങളിൽ ലഭ്യമായ വിവരങ്ങൾ ഒട്ടേറെയുണ്ട്. രാജ്യാന്തര മാധ്യമങ്ങൾ പലപ്പോഴായി പ്രസിദ്ധീകരിച്ച വാർത്തകളിലും ഇതു വ്യക്തമാണ്. ലാവ്‌ലിന്റെ 20% ഓഹരികളാണു സി.ഡി.പി.ക്യുവിനുള്ളത്. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടും ഇരുകൂട്ടരും തമ്മിലുള്ള ഓഹരി പങ്കാളിത്തത്തെക്കുറിച്ചാണു പറയുന്നത്. വിവിധ രാജ്യങ്ങളിലെ അഴിമതിയുടെ പേരിൽ വൻ ആരോപണങ്ങൾ നേരിടുന്ന ലാവ്‌ലിൻ കമ്പനിയോ സി.ഡി.പി.ക്യുവോ ഇതൊന്നും നിഷേധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *