വായന സമയം: < 1 minute
ന്യൂഡല്‍ഹി:

പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീസംവരണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരുമ്പോഴും തങ്ങളുടെ സ്ഥാനാർത്ഥിപ്പട്ടികയില്‍ സ്ത്രീകളെ വേണ്ടത്ര പരിഗണിക്കാന്‍ ആവേശം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികളില്‍ ഏറ്റവുമധികം സ്ത്രീകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റിലാണ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 344 സീറ്റുകളില്‍ 47 എണ്ണത്തിലും സ്ത്രീകള്‍ മത്സരിക്കുന്നു. എന്നാല്‍ കേവലം 13.7 ശതമാനമാണിത്. ഇത്തവണ അധികാരത്തിലേറിയാല്‍ പാര്‍ലമെന്റിലെ 33 ശതമാനം സ്ത്രീസംവരണം സംബന്ധിച്ച ബില്‍ പാസ്സാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഭരണകക്ഷിയായ ബി.ജെ.പി. പ്രഖ്യാപിച്ച 374 സ്ഥാനാർത്ഥികളില്‍ 45 സ്ത്രീകള്‍ ആണുള്ളത്. 12 ശതമാനം മാത്രം. ഇവരെ കൂടാതെ പത്തിലധികം സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കിയിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ്. 42 സ്ഥാനാർത്ഥികളില്‍ 17 പേരും സ്ത്രീകളാണ്. അതായത് 40.5 ശതമാനം. 33 ശതമാനത്തിനുവേണ്ടി എല്ലാവരും വാദിക്കുമ്പോള്‍ അതു യാഥാര്‍ഥ്യമാക്കിയത് തൃണമൂലും ബിജു ജനതാദളുമാണ് (ബി.ജെ.ഡി). തങ്ങള്‍ക്ക് ആകെയുള്ള 19 സ്ഥാനാര്‍ഥികളില്‍ ഏഴു സ്ത്രീകളെ നിര്‍ത്താന്‍ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡിക്കായി.

സി.പി.ഐ.എമ്മാകട്ടെ, പ്രഖ്യാപിച്ച 41 സ്ഥാനാര്‍ഥികളില്‍ നാലു സ്ത്രീകള്‍ മാത്രമാണുള്ളത്. കേരളത്തിലും ബംഗാളിലും രണ്ടുപേര്‍ വീതമാണിത്. കേവലം 10.25 ശതമാനം. കേരളത്തില്‍ കണ്ണൂര്‍ മണ്ഡലത്തില്‍നിന്നു പി.കെ ശ്രീമതിയും പത്തനംതിട്ട മണ്ഡലത്തില്‍നിന്നു വീണാ ജോര്‍ജുമാണു മത്സരിക്കുന്നത്. ബംഗാളില്‍ റാണഘട്ടില്‍ നിന്നു രമാ ബിശ്വാസ്, കൊല്‍ക്കത്ത ദക്ഷിണില്‍നിന്ന് ഡോ. നന്ദിനി മുഖര്‍ജി എന്നിവരും മത്സരിക്കുന്നു.

 

ആര്‍.ജെ.ഡി(17.6 %) എസ്.പി (17.2 %) ടി.ആര്‍.എസ് (11.8 %), എന്‍.സി.പി (11.1 %), ഡി.എം.കെ (10 %) എന്നിങ്ങനെയാണു മറ്റു പ്രമുഖ കക്ഷികളുടെ സ്ത്രീപ്രാതിനിധ്യം. നിലവില്‍ ലോക്‌സഭയില്‍ കേവലം 11 ശതമാനമാണു സ്ത്രീകളുള്ളത്. 66 പേര്‍. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനാകട്ടെ, ഇത്തവണ മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

Advertisement

Leave a Reply

avatar
  Subscribe  
Notify of