വിജയവാഡ:
ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് സാധ്യതകള്‍ തുറന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡി. കോണ്‍ഗ്രസ്സിനോടോ കോണ്‍ഗ്രസ് നേതാക്കളോടോ തനിക്ക് വിദ്വേഷമോ എതിര്‍പ്പോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അവരോട് ക്ഷമിച്ചുവെന്നും ഒരു വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ ഇപ്പോഴത്തെ ശ്രദ്ധ, ആന്ധ്രയിലും, ആന്ധ്രയുടെ പ്രത്യേക പദവിയിലും മാത്രമാണെന്നും ജഗന്മോഹന് പറഞ്ഞു. മോദി സര്‍ക്കാര്‍ ആന്ധ്രക്കായി ഒന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സുമായി ഇടഞ്ഞതിനു ശേഷം ഇതാദ്യമായാണ് ജഗന്മോഹന് റെഡ്ഡി കോണ്‍ഗ്രസ്സിനോട് മൃദുസമീപനം സ്വീകരിക്കുന്നത്.
ടി.ഡി.പിയുമായി ഇതിനോടകം സഖ്യസാധ്യതകള്‍ തുറന്ന കോണ്‍ഗ്രസ് ജഗന്റെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന് വ്യക്തമായിട്ടില്ല. ജഗന് മോഹന്റെ പ്രധാന എതിരാളിയാണ് ടി.ഡി.പി. അതേസമയം, ആന്ധ്രയുടെ പ്രത്യേക പദവി സംബന്ധിച്ച രാഹുലിന്റെ നിലപാടാണ് ജഗന്റെ മനംമാറ്റത്തിനു കാരണമെന്ന് കോണ്‍ഗ്രസ്സിന്റെ ആന്ധ്ര ഘടകം വ്യക്തമാക്കി. ഇനിയും അദ്ദേഹത്തിന് കോണ്‍ഗ്രസ്സിലേക്കു മടങ്ങിവരാമെന്നും ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം, ജഗന്റെ വാക്കുകളോട് ടി.ഡി.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല.