Sat. Jan 18th, 2025
ഹൈദരാബാദ്:

തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും പിതാവ് റുസ്‌ബ്.എൻ. ബറൂച്ചക്കൊപ്പം സന്തോഷമായി സുരക്ഷിതയായിട്ടാണ് കഴിയുന്നതെന്നും പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയുടെ പേരക്കുട്ടി. അമ്മൂമ്മയുടെയും അമ്മയുടെയും ക്രൂരതകൾ വെളിപ്പെടുത്തികൊണ്ട് പേരക്കുട്ടി റെക്കോർഡ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ്, പേരക്കുട്ടി അനുഭവിക്കുന്ന മാനസിക പീഡയും, കുട്ടിയുടെ പിതാവ് അനുഭവിച്ച ഗാർഹിക പീഡകളും, പോലീസ് വേട്ടയാടലും മാധ്യമ ശ്രദ്ധ നേടുന്നത്.

പിതാവ് തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും, പിന്നെ എന്തിനാണ് അദ്ദേഹത്തെയും സുഹൃത്തുക്കളെയും പോലീസ് സ്വാധീനം ഉപയോഗിച്ച് പീഡിപ്പിക്കുന്നതെന്നും പേരക്കുട്ടി വീഡിയോയിൽ ചോദിക്കുന്നു. വീട്ടിൽ നിന്നും റെക്കോർഡ് ചെയ്തിരിക്കുന്ന വീഡിയോയിൽ തൊട്ടടുത്ത മുറിയിൽ അച്ഛൻ ഇരിക്കുന്നത് മകൾ കാണിക്കുന്നുണ്ട്. എന്ത് ചെയ്യുകയാണെന്ന് പിതാവ് ചോദിക്കുമ്പോൾ താൻ ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയാണെന്നാണ് കുട്ടി പറയുന്നത്. വീഡിയോ ചെയ്തിട്ട് പോയിരുന്ന് പഠിക്കാനും പിതാവ് പറയുന്നുണ്ട്.

തന്റെ അമ്മ തന്റെ അച്ഛനെ ചപ്പലെടുത്ത് എറിയുകയും, തുപ്പുകയും അടിക്കുകയും, വഴക്കുണ്ടാക്കുകയും ചെയ്യുന്നത് കിരൺ ബേദിയോട് പരാതിപ്പെട്ടപ്പോൾ, അത് ഭാര്യക്കും ഭർത്താവിനും ഇടയിൽ സ്വാഭാവികമാണെന്നും, താൻ അതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കിരൺ ബേദി പറഞ്ഞതായി പേരക്കുട്ടി വിഡിയോയിൽ പറയുന്നു. അന്ന് ഒന്നും ചെയ്യാതിരുന്ന നിങ്ങൾ ഇപ്പോൾ എന്തിനാണ് തങ്ങളുടെ ജീവിതത്തിൽ ഇടപെടുന്നതെന്നും, എന്തിനാണ് ഇപ്പോൾ പോലീസ് സ്വാധീനം ഉപയോഗിക്കുന്നത് എന്നും പേരക്കുട്ടി ചോദിക്കുന്നു. അമ്മയോടൊപ്പം ജീവിക്കാൻ താനും തന്റെ അച്ഛനും ആഗ്രഹിക്കുന്നില്ലെന്നും, തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ വിടണമെന്നും. തന്റെ അമ്മയുടെ മകളായതിൽ ലജ്ജിക്കുന്നുവെന്നും ഡോ. കിരൺ ബേദിയുടെ പേരക്കുട്ടിയായതിൽ അതിലേറെ ലജ്ജിക്കുന്നുവെന്നും വീഡിയോയിൽ കുട്ടി പറയുന്നു.

ദീപിക ഭരദ്വാജ് എന്ന ചലച്ചിത്ര സംവിധായികയാണ് കിരൺ ബേദിയുടെ പേരക്കുട്ടിയുടെ സെൽഫി വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തന്റെ ‘അമ്മ അച്ഛനെ ചപ്പലുകൊണ്ട് തല്ലുകകയും, തുപ്പുകയും ചെയ്തത് പരാതിപ്പെട്ട പേരകുട്ടിയോട്, അത് ഭർത്താവിനും ഭാര്യക്കും ഇടയിലെ കാര്യമാണെന്ന് കിരൺ ബേദി പറഞ്ഞത് തന്നെ ഞെട്ടിച്ചെന്നും, ഭർത്താവാണ് ഭാര്യയെ ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ “നിങ്ങൾ അയാളെ 498 എ സെക്ഷൻ പ്രകാരം അറസ്റ്റ് ചെയ്യില്ലായിരുന്നോ?” എന്നും ദീപിക ഭരദ്വാജ് ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *