Thu. Apr 25th, 2024
ആലുവ:

പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ ‘ജലസമാധി’ അതേ പേരിൽ ചലച്ചിത്രമാവുന്നു. വേണു നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സേതു തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു.

2002 ലാണ് ജലസമാധി എന്ന കഥ സേതു എഴുതുന്നത്. പിന്നീട് ഇതേ പ്രമേയം വികസിപ്പിച്ചാണ് ‘അടയാളങ്ങൾ’ എഴുതിയത്. ഈ സിനിമക്ക് വേണ്ടി ഇവ രണ്ടിലേയും അംശങ്ങൾ ചേർത്താണ് താൻ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് എന്ന് സേതു ഫേസ്ബുക്കിൽ കുറിച്ചു. ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പ്‌ തന്റെ 17 കഥകൾ ദൂരദർശനു വേണ്ടി വേണു സംവിധാനം ചെയ്തിരുന്നു എന്നും, വേണുവുമായി അന്ന് മുതലുള്ള ബന്ധമാണ് എന്നും സേതു കുറിപ്പിൽ പറഞ്ഞു.

തമിഴിലെ പ്രശസ്ത സ്വഭാവ നടനായ എം. എസ്. ഭാസ്കർ ആണ് ജലസമാധിയിൽ പ്രധാന കഥാപാത്രമായി വരുന്നത്. ഇദ്ദേഹത്തോടൊപ്പം വിഷ്ണുപ്രകാശ്, പുതുമുഖങ്ങളായ ലിഖ രാജൻ, രഞ്ജിത് ശേഖർ, ശ്യാം കൃഷ്ണൻ, അഖിൽ കൈമൾ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ ചെയ്യുന്നു.

https://www.facebook.com/photo.php?fbid=10217930434630004&set=a.2413476013809&type=3&eid=ARCmBe6GzuwazFcbeLF2mGZSaHUKDQajVjLDLQPIt42nPXwgoV_044wudoDb9r17yc-p_e0ukavwXBs2

സേതുവിന്റെ ‘പാണ്ഡവപുരം’, ‘ഞങ്ങൾ അടിമകൾ’ എന്നീ നോവലുകൾ നേരത്തെ സിനിമയായിട്ടുണ്ട്. ഞങ്ങൾ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ ‘പൂത്തിരുവാതിരരാവിൽ’ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *