മലപ്പുറം:
മുസ്ലീംലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ ‘വൈറസ്’ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ. മജീദ്. മുസ്ലീംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതാണെന്നും അവിടെ മുസ്ലീംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും ആദിത്യനാഥ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആദിത്യനാഥ് ഈ പരാമര്‍ശം നടത്തിയത്. ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ലീഗ് തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്.
വിഷയത്തില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു. മുസ്ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്നും ലീഗിനെതിരായ ആദിത്യനാഥിന്റെ വിമര്‍ശനം ആദിത്യനാഥിനെത്തന്നെ തിരിഞ്ഞ് കുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗിക്ക് അറിവില്ലായ്മയാണ്. എന്‍.ഡി.എയിലും പച്ചക്കൊടി പിടിക്കുന്ന പാര്‍ട്ടികളുണ്ട്. ആദിത്യനാഥിന്റെ പരാമര്‍ശം ലീഗും കോണ്‍ഗ്രസ്സും കാര്യമാക്കുന്നില്ലെന്നും ഇതിന് നേരത്തെ തന്നെ രാഹുല്‍ഗാന്ധി മറുപടി നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം മുസ്ലീം ലീഗിനെ കുറിച്ച് ആദിത്യനാഥ് നടത്തിയ വിമര്‍ശനം കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ആദിത്യനാഥിന്റെ വിമര്‍ശനം പൂര്‍ണമായും തള്ളിക്കളയുന്നതായി പറഞ്ഞ എം.എ. ബേബി, ആര്‍.എസ്.എസ്, ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനായി മാറ്റുകയാണ് എന്ന് കുറ്റപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലീം ലീഗിനെ ആശ്രയിക്കേണ്ടി വന്നത് രാഹുലിന്റെ ഗതികേടെന്നും എം.എ. ബേബി മലപ്പുറത്ത് പറഞ്ഞു.