എറണാകുളം :
കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ട്രാക്ക് റെക്കോർഡുള്ള വ്യക്തിത്വമാണ് കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനം. ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ ചുരുങ്ങിയ സമയം കൊണ്ട് കേന്ദ്ര മന്ത്രി പദവി വരെ എത്തിയ അദ്ദേഹം രാഷ്ട്രീയത്തിൽ താണ്ടിയ വഴികൾ പരിശോധിക്കുകയാണ് ഈ റിപ്പോർട്ട്.
രാഷ്ട്രീയ നിരീക്ഷകർ അദ്ദേഹത്തെ അകക്കണ്ണുള്ള അവസരവാദിയായും സിവിൽ സർവീസ് കാലഘട്ടത്തെക്കുറിച്ചു പോലും കൃത്രിമമായി ചമച്ച ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങളുടെ അപ്പോസ്തലനായും വിവരിക്കാറുണ്ട്. കേട്ടതെല്ലാം ശരിയാണോ അതോ ട്രോളന്മാർ അദ്ദേഹത്തെ മനപൂർവ്വം ക്രൂരമായി ഉപദ്രവിക്കുകയാണോ എന്ന് പരിശോധിക്കുകയാണ് വോക്ക് മലയാളം.
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇത്തവണത്തെ ബി.ജെ.പി. സ്ഥാനാർത്ഥിയാണ് അൽഫോൻസ് കണ്ണന്താനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം തന്റെ നേട്ടങ്ങളായി അവതരിപ്പിച്ച കാര്യങ്ങൾ പരിശോധിക്കാം.
ടൈം മാഗസിൻ
1994 ഇൽ അൽഫോൻസ് കണ്ണന്താനം ടൈം മാഗസിൻ തിരഞ്ഞെടുത്ത 100 യുവ നേതാക്കളുടെ ലിസ്റ്റിൽ ഇടം പിടിച്ചുവെന്നാണ് അദ്ദേഹം തന്റെ നേട്ടങ്ങളിൽ ആദ്യമായി പറയുന്നത്. അതിനെ സാധൂകരിക്കാൻ അദ്ദേഹം കൊടുത്തിരിക്കുന്നത് ടൈം മാഗസിന്റെ കവർ ഫോട്ടോയിൽ അദ്ദേഹം നിൽക്കുന്ന ചിത്രമാണ്. ടൈം മാഗസിന്റെ യഥാർത്ഥ കവർ ഫോട്ടോ വെട്ടി മാറ്റി തന്റെ ഫോട്ടോ എഡിറ്റു ചെയ്ത് ഒട്ടിക്കുക വഴി നന്നായി ഫോട്ടോഷോപ്പ് പഠിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
മാഗസിന്റെ ഉള്ളിലെവിടെയോ കൊടുത്തിട്ടുള്ള ഒരു വരി പരാമർശമാണ് കവർ ഫോട്ടോയായി പ്രത്യക്ഷപ്പെട്ടത്. സ്വന്തം വെബ്‌സൈറ്റിലും പിന്നീട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി സാമൂഹികമാധ്യമങ്ങളിലും അദ്ദേഹം ഇത് ഉപയോഗിക്കുന്നുണ്ട്. പക്ഷെ വ്യാജ കവർ ഫോട്ടോ ഉണ്ടാക്കിയപ്പോൾ അദ്ദേഹത്തിന് പതിവ് പോലെ ഒരു അമളി പറ്റി. 1994 ൽ അദ്ദേഹം ചെറുപ്പവും 40 വയസ്സിനു താഴെയുമായിരുന്നു. പക്ഷെ സമീപകാല ഫോട്ടോയാണ് വ്യാജ കവർ പേജ് ഉണ്ടാക്കാൻ ഉപയോഗിച്ചത്.
ബെസ്റ്റ് കലക്റ്റർ അവാർഡ്
ബെസ്റ്റ് കലക്ടർ അവാർഡ് മൂന്ന് തവണ ലഭിച്ചു എന്നാണ് കണ്ണന്താനം പിന്നീട് പറഞ്ഞത്. പക്ഷെ ഇന്ത്യയിലെവിടെയും അങ്ങനെ ഒരു അവാർഡ് കൊടുക്കുന്ന ഏർപ്പാടില്ല. ആരാണ് കൊടുത്തതെന്നോ എവിടെ വെച്ചാണ് സ്വീകരിച്ചതെന്നോ പറയാതെയുള്ള ഈ അവകാശ വാദം കാണുമ്പോൾ അദ്ദേഹത്തിന് “ബെസ്റ്റ് ആക്ടർ” അവാർഡാണോ കിട്ടിയത് എന്ന് ട്രോളന്മാർ ചോദിച്ച് പോകും. കാഞ്ഞിരപ്പള്ളി എം.എൽ.എ ആയിരുന്ന സമയത്തു ബെസ്റ്റ് എം.എൽ.എ അവാർഡ് വാങ്ങി എന്നും നേട്ടങ്ങളിൽ പറയുന്നു. പക്ഷെ ആര്? എപ്പോൾ? എവിടെ വെച്ച് കൊടുത്തു എന്നതിനൊന്നും ഉത്തരമില്ല.
രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുന്നേ കണ്ണന്താനം ഏറ്റവും കൂടുതൽ വാർത്തകളിൽ വന്നിട്ടുള്ളതും, പത്രങ്ങൾ ഏറെ വാഴ്ത്തിയിട്ടുള്ളതും അദ്ദേഹം ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി കമ്മീഷണർ ആയിരുന്നപ്പോൾ നടത്തിയ അനധികൃത നിർമ്മാണങ്ങളുടെ ഇടിച്ചു പൊളിക്കലുമായി ബന്ധപ്പെട്ടിട്ടാണ്. എന്നാൽ അദ്ദേഹത്തിന് മുന്നേയും അദ്ദേഹത്തിന് ശേഷവും ആ തസ്തികയിൽ ഇരുന്നിട്ടുള്ള ഓഫീസർമാർ കണ്ണന്താനം ഇടിച്ചു നിരത്തിയതിനേക്കാൾ കൂടുതൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചിരുന്നു എന്ന് രേഖകളിൽ കാണാം. പക്ഷെ കണ്ണന്താനം താൻ ചെയ്യുന്ന ഇടിച്ചു നിരത്തലുകൾക്കു മാധ്യമ ശ്രദ്ധ ആകർഷിപ്പിക്കുവാൻ എന്നും ശ്രദ്ധാലുവായിരുന്നു. അതിനാൽ തന്നെ മാധ്യമങ്ങൾ കണ്ണന്താനത്തിനെ വാഴ്ത്തുപാട്ടുകൾകൊണ്ട് മൂടിയപ്പോൾ, തികച്ചും പ്രൊഫഷണൽ സമീപനത്തോടെ ജോലി ചെയ്തിരുന്ന മറ്റു ഓഫീസർമാർ അതൊന്നും മാധ്യമങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു പ്രശസ്തി വാങ്ങാൻ ശ്രമിക്കാതിരുന്നതാണ് കണ്ണന്താനത്തിനു മാത്രം “ഡിമോളിഷൻ മാൻ” എന്ന പദവി കിട്ടാൻ കാരണം.
ക്യാൻസർ സെൻ്റർ
കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ സെന്റർ സ്ഥാപിച്ചു എന്നാണ് കണ്ണന്താനത്തിന്റെ മറ്റൊരു അവകാശവാദം. അദ്ദേഹം കോട്ടയം കലക്ടർ ആയിരുന്നത് 1988 -1991 കാലഘട്ടത്തിൽ ആയിരുന്നു. പക്ഷെ ആ സമയത്തൊന്നും ആയിരുന്നില്ല ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം മെഡിക്കൽ കോളേജിൽ സ്ഥാപിക്കപ്പെട്ടതെന്നു മെഡിക്കൽ കോളേജിനെ കുറിച്ചുള്ള രേഖകളിൽ കാണാവുന്നതാണ്.
സമാന രീതിയിൽ തന്നെയാണ് കണ്ണന്താനം കളക്ടർ ആയിരുന്ന സമയത്തു കോട്ടയം ജില്ല സമ്പൂർണ്ണ സാക്ഷരത കൈവരിച്ചു എന്നുള്ള അവകാശവാദം. കേരളം മുഴുവൻ വിപ്ലവമായിരുന്ന സർക്കാരിന്റെ സാക്ഷരതാ മിഷന്റെ പ്രവർത്തന ഫലമായിരുന്നു കോട്ടയത്തെ സമ്പൂർണ്ണ സാക്ഷരത പദവിയിൽ ആദ്യമെത്തിച്ചത്. അതിനുള്ള പ്രവർത്തനങ്ങൾ കണ്ണന്താനം കോട്ടയത്തു എത്തുന്നതിനു വളരെ മുന്നേ ആരംഭിച്ചിരുന്നു എന്നതാണ് വാസ്തവം. പക്ഷെ മനോരമ പോലുള്ള കോട്ടയം പത്രങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വാർത്തകൾ കണ്ണന്താനത്തിനു വലിയൊരളവിൽ പ്രശസ്തി നേടിക്കൊടുത്തിരുന്നു.
യു.എൻ. അവാർഡ് കിട്ടിയെന്നു പറയുന്നതാണ് മറ്റൊരു വ്യാജ പ്രചാരണം. ഇല്ലാത്ത ബെസ്റ്റ് കലക്ടർ അവാർഡും, ബെസ്റ്റ് എം.എൽ.എ. അവാർഡും നേടിയെന്നു അവകാശവാദം ഉന്നയിക്കുന്ന ഒരാൾ നോബൽ സമ്മാനം കിട്ടിയെന്നു പറഞ്ഞാലും അതിശയിക്കാനില്ല.
കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിൽ ഇന്ത്യക്കു മൂന്നാം സ്ഥാനം നേടിക്കൊടുത്തു എന്നതാണ് മറ്റൊരു അവകാശവാദം. എന്നാൽ ആ സമയത്തു അദ്ദേഹം ടൂറിസം മന്ത്രിയോ ഒരു എം.പി. പോലുമായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നില്ല. എന്നിട്ടും ഇന്ത്യയുടെ മൂന്നാം സ്ഥാനത്തിന്റെ നേതൃത്വം കണ്ണന്താനം ഏറ്റെടുക്കുന്നു.
രാഷ്ട്രീയ അരങ്ങേറ്റം
2006 ല്‍ ലാന്‍ഡ് റവന്യു കമ്മിഷണറായിരിക്കെ ഐ.എ.എസ്. പദവി രാജി വെച്ചായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. ഇടതുമുന്നണിക്ക് ഇനിയും മേൽക്കോയ്മ നേടാൻ കഴിയാത്ത കോട്ടയത്തെ ക്രിസ്ത്യൻ വോട്ടു ബാങ്കുകളെ സ്വാധീനിക്കാനായിരുന്നു അന്ന് സി.പി.എം. കണ്ണന്താനത്തിനെ സ്ഥാനാർത്ഥിയായി അവതരിപ്പിച്ചു വിജയിപ്പിച്ചത്. അടുത്ത തിരഞ്ഞെടുപ്പിൽ കണ്ണന്താനത്തിനെ പൂഞ്ഞാറിൽ പി.സി. ജോർജ്ജിനെതിരെ മത്സരിപ്പിക്കാൻ ഇടതുമുന്നണി തയ്യാറെടുക്കുമ്പോൾ ആയിരുന്നു കണ്ണന്താനം ബി.ജെ.പി. യിലേക്ക് ചാടിപ്പോയത്. ഇടതു ക്യാമ്പിൽ നിന്നും എം.എൽ.എ. ആയ ഒരാൾ ബി.ജെ.പി. പാളയത്തിലേക്ക് മാറുന്നത് കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത സംഭവമായിരുന്നു. ബി.ജെ.പി. അദ്ദേഹത്തെ രാജസ്ഥാനിൽ നിന്നും എം.പിയാക്കി രാജ്യസഭയിൽ എത്തിച്ചു. തുടർന്ന് ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ പദവി നല്കാൻ തീരുമാനിച്ചെങ്കിലും തദ്ദേശീയർ വേണമെന്ന അകാലിദളിന്റെ കടുംപിടുത്തതിൽ നടന്നില്ല. തുടർന്ന് മന്ത്രിസഭാ വികസനത്തിൽ അദ്ദേഹത്തെ ടൂറിസം സഹമന്ത്രി ആക്കുകയായിരുന്നു.
മന്ത്രിയായ കണ്ണന്താനത്തെ കുറിച്ച് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു എന്നും വാർത്തകളിൽ നിറഞ്ഞിരുന്നത്. ഏറെ ബഹുമാനിതനായിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനിൽ നിന്നും വായ തുറന്നാൽ മണ്ടത്തരങ്ങളും, ബാലിശമായ പ്രസ്‌താവനകളും, അബദ്ധങ്ങളും എഴുന്നുള്ളിക്കുന്ന രാഷ്ട്രീയക്കാരനായി കണ്ണന്താനം മാറിയത് കണ്ടു മൂക്കത്തു വിരൽ വെച്ചിരിക്കുകയാണ് മലയാളികൾ.
ഉറങ്ങുന്ന സെല്ഫി
പെട്രോൾ വില കൂട്ടുന്നത് കക്കൂസ് പണിയാനാണെന്നു കണ്ണന്താനം പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ട്രോളുകൾ ഉണ്ടാക്കിയിരുന്നു. പ്രളയ സമയത്തു ചങ്ങനാശേരി എസ്.ബി. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങുന്നു എന്നു പ്രഖ്യാപിക്കുകയും ഒപ്പം താന്‍ ഉറങ്ങുന്നതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത കണ്ണന്താനം നേരിട്ടത് കടുത്ത ട്രോള്‍ ആക്രമണമായിരുന്നു. ഉറങ്ങിയിട്ടാണോ പോസ്റ്റ് ഇട്ടത്, അതോ ഉറങ്ങിക്കൊണ്ട് പോസ്റ്റ് ഇട്ടതാണോ, അതോ പോസ്റ്റ് ഇട്ടതിനു ശേഷമാണോ ഉറങ്ങിയത്, അപ്പോള്‍ ഉറങ്ങുന്ന ഫോട്ടോ ആരാണ് എടുത്ത് എന്നു തുടങ്ങി കണ്ണന്താനത്തെ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സമയത്ത് ഇത്തരം ഗിമ്മിക്കുകളുമായി ഇറങ്ങരുതെന്നും സോഷ്യല്‍ മീഡിയ കണ്ണന്താനത്തെ ഉപദേശിച്ചിരുന്നു.
ബീഫ് വിത് കണ്ണന്താനം
കേരളത്തിലെയും ഗോവയിലെയും ആളുകള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്‍ ബി.ജെ.പി. ഇടപെടില്ലെന്നുമായിരുന്ന മന്ത്രിയായി ചുമതലയേറ്റതിന്റെ അടുത്ത ദിവസം കണ്ണന്താനം പറഞ്ഞത്. എന്നാൽ വിദേശത്ത് നിന്ന് എത്തുന്ന സഞ്ചാരികള്‍ അവരവരുടെ രാജ്യത്ത് ബീഫ് കഴിച്ചിട്ട് വന്നാൽ മതി എന്ന നിലപാടിലേക്ക് മൂന്നു ദിവസത്തിനുള്ളിൽ അദ്ദേഹം എത്തി.
കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദ ആക്രമണത്തില്‍ രക്തസാക്ഷിയായ സി.ആര്‍.പി.എഫ്. ജവാന്‍ വി.വി. വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഔചിത്യ ബോധമില്ലാതെ സെല്‍ഫിയെടുത്തു ഫേസ്ബുക്കിലിട്ടും കണ്ണന്താനം അപഹാസ്യനായിരുന്നു. ഇത്തവണ മത്സരിക്കുന്ന എറണാകുളം മണ്ഡലത്തിൽ പെടാത്ത ആലുവയിൽ പോയി വോട്ടു ചോദിച്ചും കണ്ണന്താനം വിഡ്ഢിവേഷം കെട്ടിയിരുന്നു.
ഇത്രയൊക്കെയാണെങ്കിലും അവസരത്തിനൊത്ത് ഉയർന്നു സ്ഥാനമാനങ്ങളും പ്രശസ്തിയും വാങ്ങിച്ചെടുക്കുന്നതിൽ കണ്ണന്താനം അഗ്രഗണ്യനാണ്. ഇത്തവണ ലോക്സഭാ മത്സര രംഗത്തു ഉണ്ടാകില്ലെന്ന് ആദ്യം പ്രഖ്യാപിച്ചു മാറി നിന്ന കണ്ണന്താനം പിന്നീട് ഇഷ്ടപ്പെട്ട സീറ്റിനു വേണ്ടി ബി.ജെ.പിയെ പോലും സമ്മർദ്ദത്തിലാക്കിയ കാഴ്ചയാണ് കണ്ടത്. പത്തനംതിട്ട ആഗ്രഹിച്ച കണ്ണന്താനത്തിനു കൊല്ലം മണ്ഡലം കൊടുത്തപ്പോൾ, അതിലും ഭേദം മലപ്പുറം ആണെന്ന് പറഞ്ഞു പാർട്ടിയെ സമ്മർദ്ദത്തിലാക്കി എറണാകുളം വാങ്ങിയെടുക്കുകയായിരുന്നു. അടുത്ത സർക്കാരിലും മന്ത്രിയായി തുടരുമെന്ന് ഇപ്പോൾ തന്നെ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് കണ്ണന്താനം.
(തുടരും)