Fri. Nov 22nd, 2024
ന്യൂഡൽഹി:

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പിനായി നടൻ ദിലീപ് നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ അഭിഭാഷകൻ ഹാജരാകാൻ സാധിക്കാത്തതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

സുപ്രീം കോടതി വിധി വരുന്നതു വരെ കുറ്റം ചുമത്തരുത് എന്ന് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ അത് അംഗീകരിച്ചിട്ടുണ്ട്.

കുറ്റപത്രത്തോടൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്ക് കൈമാറണമെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകളുടെ പട്ടികയും ഹൈക്കോടതിയിൽ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഈ ഹര്‍ജി തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.

ദൃശ്യങ്ങൾക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം. ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്നും അതിനായി ദൃശ്യങ്ങൾ വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *